< Back
Cricket
കോഹ്‌ലി പറഞ്ഞു, സിറാജ് എറിഞ്ഞു; ജാൻസെൻ വീണത് ഇങ്ങനെ...
Cricket

കോഹ്‌ലി പറഞ്ഞു, സിറാജ് എറിഞ്ഞു; ജാൻസെൻ വീണത് ഇങ്ങനെ...

Web Desk
|
3 Jan 2024 7:00 PM IST

ആറ് വിക്കറ്റുകളാണ് സിറാജ് തള്ളിയിട്ടത്. വെറും ഒമ്പത് ഓവറുകളിലായിരുന്നു സിറാജിന്റെ തേരോട്ടം.

കേപ്ടൗണിൽ മുഹമ്മദ് സിറാജിന്റെ പന്തുകളിൽ തലകറങ്ങി വീണ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സ് 55 റൺസിൽ അവസാനിക്കുകയായിരുന്നു. ആറ് വിക്കറ്റുകളാണ് സിറാജ് തള്ളിയിട്ടത്. വെറും ഒമ്പത് ഓവറുകളിലായിരുന്നു സിറാജിന്റെ തേരോട്ടം.

താരത്തിന്റെ പന്തുകൾക്ക് ഉത്തരം നൽകാൻ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്കാർക്കും കഴിഞ്ഞില്ല. ഓപ്പണർ മാർക്രമിലൂടെ തുടങ്ങിയ സിറാജിന്റെ വേട്ട അവസാനിച്ചത് മാർക്കോ ജാന്‍സെന്റെ വിക്കറ്റും എടുത്തായിരുന്നു. ദക്ഷിണാഫ്രിക്കൻ നായകൻ എൽഗർ, ടോണി ഡി സോർസി, ബെഡിങ്ഹാം, വെരെയ്ൻ, എന്നിവരാണ് സിറാജിന് മുന്നിൽ വീണത്. ഇതിൽ മാർക്കോ ജാന്‍സെന്റെ വിക്കറ്റ് മുൻ നായകൻ കോഹ്‌ലിയുടെ തന്ത്രങ്ങളുടെ കൂടി ഭാഗമായിരുന്നു.

കോഹ്‌ലി പറഞ്ഞതിനനുസരിച്ച് സിറാജ് പന്തെറിഞ്ഞതോടെ ജാൻസെന്റെ ഇന്നിങ്‌സ്, വിക്കറ്റ് കീപ്പർ ലോകേഷ് രാഹുലിന്റെ കൈകളിൽ അവസാനിച്ചു. ഇന്നിങ്‌സിന്റെ 16ാം ഓവറിലാണ് ഈ വിക്കറ്റ് വരുന്നത്. ആ ഓവറിലെ അഞ്ചാം പന്തിലാണ് ജാൻസെൻ പുറത്താക്കുന്നത്.

ആ പന്ത് എറിയുന്നതിന് മുമ്പ് സിറാജിനോട്, കോഹ്‌ലി ഔട്ട് സ്വിങർ എറിയാനാണ് ആവശ്യപ്പെടുന്നത്. അതനുസരിച്ച് സിറാജ് എറിഞ്ഞതോടെ ജാൻസെന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പർ ലോകേഷ് രാഹുലിന്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ക്ലിക്കായി. നേരിട്ട് മൂന്നാം പന്തിൽ തന്നെയായിരുന്നു ജാൻസെൻ മടങ്ങിയത്. റൺസ് കണ്ടെത്താൻ താരത്തിന് കഴിഞ്ഞില്ല.

Similar Posts