< Back
Cricket
ടി20 ലോകകപ്പിലെ ഇന്ത്യന്‍ സംഘത്തിനൊപ്പം; ആരാണ് രാജ് ലക്ഷ്മി അറോറ?
Cricket

ടി20 ലോകകപ്പിലെ ഇന്ത്യന്‍ സംഘത്തിനൊപ്പം; ആരാണ് രാജ് ലക്ഷ്മി അറോറ?

Web Desk
|
14 Oct 2022 12:19 PM IST

ഇന്‍സ്റ്റഗ്രാമില്‍ അമ്പതിനായിരത്തോളം ഫോളോവേഴ്സുള്ള താരമാണ് അറോറ

ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് അസോസിയേഷനാണ് ബിസിസിഐ. അതുകൊണ്ടു തന്നെ താരങ്ങൾക്ക് ആവശ്യമായ ഏറ്റവും മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ബിസിസിഐ എല്ലാ കാലത്തും ശ്രദ്ധിച്ചിട്ടുണ്ട്. കളത്തിലിറങ്ങുന്ന താരങ്ങളെ പോലെ പ്രധാനമാണ് അവർക്കാവശ്യമായ പിന്തുണ നൽകുന്ന സപ്പോർട്ടിങ് സ്റ്റാഫുകളും. അതിൽ പ്രധാനിയാണ് രാജ് ലക്ഷ്മി അറോറയെന്ന വനിതാ ജീവനക്കാരി.

ആസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് ടൂർണമെന്റിൽ ഇന്ത്യൻ സംഘത്തിലെ ഏക വനിതയാണ് അറോറ. ടീം ഇന്ത്യയുടെ സീനിയർ പ്രൊഡ്യൂസറാണ് ഇവർ. ഓരോ പരമ്പരയ്ക്ക് മുമ്പും നടക്കുന്ന വാർത്താ സമ്മേളനങ്ങൾക്കും താരങ്ങളുടെ മാധ്യമ ആശയവിനിമയങ്ങള്‍ക്കും ആവശ്യമായ കാര്യങ്ങൾ ഒരുക്കുന്നത് അറോറയാണ്. 2015ൽ സോഷ്യൽ മീഡിയാ മാനേജരായാണ് ഇവർ ബിസിസിഐക്കൊപ്പം ചേർന്നത്.

പൂനെയിലെ സിംബിയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻസിൽ നിന്ന് മാധ്യമ പഠനത്തിൽ ഡിഗ്രി നേടിയ ഇവർ ഇൻസ്റ്റഗ്രാമിൽ അമ്പതിനായിരത്തോളം ഫോളോവേഴ്‌സുള്ള ഇൻഫ്‌ളുവൻസർ കൂടിയാണ്. താരങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണങ്ങൾ അന്വേഷിക്കുന്ന നാലംഗ ആഭ്യന്തര സമിതിയുടെ അധ്യക്ഷയാണ്. ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ ചുമതലയുമുണ്ട്.

ടി20 ലോകകപ്പിന്റെ ഭാഗമായി ആസ്‌ട്രേലിയയിലാണ് ഇപ്പോൾ ടീം ഇന്ത്യയുള്ളത്. ടൂർണമെന്റിന് മുമ്പോടിയായി ഒക്ടോബർ 17നാണ് ഇന്ത്യയുടെ ആദ്യത്തെ വാം അപ്പ് മത്സരം. ഒക്ടോബർ 19ന് ന്യൂസിലാൻഡിനെയും നേരിടും. ഒക്ടോബർ 23ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യത്തെ മത്സരം.

Related Tags :
Similar Posts