< Back
Cricket
Mumbai beat Chennai by 9 wickets at Wankhede to avenge Chepauk defeat
Cricket

ചെപ്പോക്കിലെ തോൽവിക്ക് മറുപടി വാംഖഡെയിൽ; ചെന്നൈക്കെതിരെ മുംബൈക്ക് തകർപ്പൻ ജയം

Sports Desk
|
20 April 2025 11:29 PM IST

ജയത്തോടെ പോയന്റ് ടേബിളിൽ മുംബൈ ആറാം സ്ഥാനത്തേക്കുയർന്നു

മുംബൈ: ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്‌സിനോടേറ്റ തോൽവിക്ക് സ്വന്തം തട്ടകമായ വാംഖഡെ സ്‌റ്റേഡിയത്തിൽ മറുപടി നൽകി മുംബൈ ഇന്ത്യൻസ്. സിഎസ്‌കെ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം വെറും 15.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. അർധ സെഞ്ച്വറിയുമായി രോഹിത് ശർമയും( 45 പന്തിൽ 76) സൂര്യകുമാർ യാദവും(30 പന്തിൽ 68) പുറത്താകാതെ നിന്നു. സീസണിൽ ഹിറ്റ്മാന്റെ ആദ്യ അർധ സെഞ്ച്വറിയാണിത്.

ചെന്നൈ ഉയർത്തിയ 177 റൺസിലേക്ക് ബാറ്റുവീശിയ മുംബൈക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിങിൽ രോഹിത് ശർമ-റിയാൻ റിക്കെൽട്ടൻ കൂട്ടുകെട്ട് പവർപ്ലെ ഓവറുകളിൽ ചെന്നൈ ബൗളർമാരെ നിരന്തരം പ്രഹരിച്ചു. പേസർമാരെയും സ്പിന്നർമാരെയും ക്യാപ്റ്റൻ എംഎസ് ധോണി മാറിമാറി പരീക്ഷിച്ചെങ്കിലും മുംബൈ റണ്ണൊഴുക്ക് തടയാനായില്ല. ഒടുവിൽ രവീന്ദ്ര ജഡേജ എറിഞ്ഞ ഏഴാം ഓവറിൽ ആയുഷ് മാത്രേക്ക് ക്യാച്ച് നൽകി റിക്കെൽട്ടൻ(24) മടങ്ങി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന രോഹിത്-സൂര്യ പിരിയാത്ത കൂട്ടുകെട്ട് തുടരെ സിക്‌സറും ഫോറുമായി അനായാസം ലക്ഷ്യത്തിലേക്ക് മുന്നേറി. 45 പന്തിൽ നാല് ഫോറും ആറു സിക്‌സറും സഹിതമാണ് ഹിറ്റ്മാൻ ഫിഫ്റ്റി നേടിയത്. 30 പന്തിൽ ആറു ഫോറും അഞ്ച് സിക്‌സറും സഹിതമാണ് സ്‌കൈ അർധ സെഞ്ച്വറി സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും മികച്ച മൂന്നാമത്തെ ജയവുമായിത്. ചെന്നൈ പ്രീമിയം പേസർ മതീഷ പതിരണയെ തുടരെ രണ്ട് സിക്‌സർ പറത്തിയാണ് ആതിഥേയർ മത്സരം ഫിനിഷ് ചെയ്തത്.

നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്‌സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ശിവം ദുബെയുടെയും രവീന്ദ്ര ജഡേജയുടെയും അർധ സെഞ്ച്വറി മികവിൽ ചെന്നൈ 20 ഓവറിൽ അഞ്ചിന് 176 എന്ന സ്‌കോറിലേക്കെത്തിയത്. 35 പന്തിൽ 53 റൺസുമായി ജഡേജ പുറത്താകാതെ നിന്നു. അരങ്ങേറ്റക്കാരനായ ആയുഷ് മാത്രെ 15 പന്തിൽ 32 റൺസുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മധ്യഓവറുകളിൽ റൺറേറ്റ് ഉയർത്താനാവാതിരുന്നത് ചെന്നൈക്ക് തിരിച്ചടിയായി. മികച്ച ഫോമിലുള്ള അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദ് നിറംമങ്ങിയതോടെ മുംബൈ വിക്കറ്റ് വീഴ്ത്താൻ മഞ്ഞപ്പടക്കായില്ല.

Related Tags :
Similar Posts