< Back
Cricket
Will Jacks delivers all-round performance as Mumbai Indians beat Hyderabad by four wickets
Cricket

ഓൾറൗണ്ട് മികവുമായി വിൽ ജാക്‌സ്; ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് നാല് വിക്കറ്റ് ജയം

Sports Desk
|
17 April 2025 11:57 PM IST

തുടർച്ചയായ രണ്ടാംജയം നേടിയെങ്കിലും പോയന്റ് ടേബിളിൽ മുംബൈ ഏഴാം സ്ഥാനത്ത് തുടരുന്നു

മുംബൈ: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് നാല് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം മുംബൈ ഇന്ത്യൻസ് 18.1 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇംഗ്ലീഷ് താരം വിൽ ജാക്‌സ് 36 റൺസെടുത്തും രണ്ട് വിക്കറ്റ് വീഴ്ത്തിയും നിർണായക പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കൻ താരം റയാൻ റിക്കൽട്ടൻ(23 പന്തിൽ 31), സൂര്യകുമാർ യാദവ്(15 പന്തിൽ 26), ഹാർദിക് പാണ്ഡ്യ( ഒൻപത് പന്തിൽ 21) തിലക് വർമ പുറത്താകാതെ(17 പന്തിൽ 21) മുംബൈ നിരയിൽ തിളങ്ങി. ഹൈദരാബാദിനായി പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

സൺറൈസേഴ്‌സ് ഉയർത്തിയ 163 റൺസിലേക്ക് സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ ബാറ്റുവീശിയ മുംബൈയുടെ തുടക്കം മികച്ചതായില്ല.രോഹിത് ശർമ(16 പന്തിൽ 26) ഒരിക്കൽകൂടി പരാജയപ്പെട്ടു. ഫോറും സിക്‌സുമായി തുടങ്ങിയെങ്കിലും വേഗത്തിൽ മടങ്ങി. എന്നാൽ രണ്ടാംവിക്കറ്റിൽ ഒത്തുചേർന്ന റയാൻ റിക്കൽട്ടൻ-വിൽജാക്‌സ് സഖ്യം മുന്നോട്ട് കൊണ്ടുപോയി. തുടക്കത്തിൽ വിൽ ജാക്‌സിനെ പുറത്താക്കാൻ ലഭിച്ച സുവർണാസവസരം ട്രാവിസ് ഹെഡ് നഷ്ടപ്പെടുത്തി. 8ാം ഓവറിൽ റയാൻ റിക്കൽട്ടനെ(31) ഹർഷൽ പട്ടേൽ മടക്കിയെങ്കിലും പിന്നീട് ക്രീസിലെത്തിയ സൂര്യകുമാർ യാദവ് റൺറേറ്റ് താഴാതെ സ്‌കോറിംഗ് ഉയർത്തി. പതിമൂന്നാം ഓവറിൽ സ്‌കോർ 121ൽ നിൽക്കെ പാറ്റ് കമിൻസ് സൂര്യകുമാറിനെ(15 പന്തിൽ 26) വീഴ്ത്തിയെങ്കിലും അപ്പോഴേക്കും മത്സരം മുംബൈക്ക് അനുകൂലമായിരുന്നു.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഹൈദരാബാദിന്റെ ഫയർ ഓപ്പണിങ് സഖ്യമായ അഭിഷേക് ശർമ-ട്രാവിസ് ഹെഡ് കൂട്ടുകെട്ടിനെ മുംബൈ ബൗളർമാർ ഫലപ്രദമായി പൂട്ടി. ഇതോടെ പവർപ്ലെ ഓവറിൽ പതിവുപോലെ വലിയ സ്‌കോർ ബോർഡിൽ ചേർക്കാനായില്ല. മധ്യ ഓവറിലും റണ്ണൊഴുകാതായതോടെ 20 ഓവറിൽ ഓറഞ്ച് പടക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 28 പന്തിൽ 40 റൺസെടുത്ത അഭിഷേക് ശർമയാണ് ടോപ് സ്‌കോറർ. ട്രാവിസ് ഹെഡ് 29 പന്തിൽ 28, ഹെൻറിച്ച് ക്ലാസൻ 28 പന്തിൽ 37 റൺസെടുത്തു അവസാന ഓവറുകളിൽ പൊരുതി.

Related Tags :
Similar Posts