< Back
Cricket
atk mohun bagan
Cricket

‘അജയ്യം ഈ സംഘം’; ബെംഗളൂരു എഫ്.സിയെ വീഴ്ത്തി ഐഎസ്എൽ കിരീടം മോഹൻ ബഗാന്

Sports Desk
|
12 April 2025 10:48 PM IST

കൊൽക്കത്ത: സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ ആരാധകരെ സാക്ഷിയാക്കി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ കിരീടം മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്. അധിക സമയത്തേക്ക് നീണ്ട കലാശപ്പോരിൽ ബെംഗളൂരു എഫ്.സിയെ 2-1ന് കീഴടക്കിയാണ് ബഗാന്റെ കിരീട നേട്ടം. നേരത്തെ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി ലീഗ് ഷീൽഡും ബഗാൻ സ്വന്തമാക്കിയിരുന്നു.

മത്സരത്തിന്റെ 62 ശതമാനവും പന്ത് ബെംഗളൂരുവിന്റെ കാലിലായിരുന്നുവെങ്കിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ബഗാനാണ് മുന്നിട്ടുനിന്നത്. രണ്ടാം പകുതി ആരംഭിച്ച് ഏതാനും മിനുറ്റുകൾക്ക് ശേഷം സെൽഫ് ഗോൾ ബലത്തിലാണ് ബെംഗളൂരു മുന്നിലെത്തിയത്. ബെംഗളൂരു മുന്നേറ്റം തടയാനുള്ള ആൽബർട്ടോ റോഡ്രിഗസിന്റെ ശ്രമം ഗോളിൽ അവസാനിക്കുകയായിരുന്നു.

മത്സരത്തിന്റെ 72ാം മിനുറ്റിലാണ് ബഗാന്റെ സമയം തെളിഞ്ഞത്. ജെയ്മി മക്ലാരന്റെ ക്രോസ് തടയാനെത്തിയ സനയുടെ കൈയ്യിൽ പന്തുതട്ടിയതിനെത്തുടർന്ന് റഫറി പെനൽറ്റി വിധിച്ചു. കിക്കെടുത്ത കുമ്മിങ്സിന് പിഴച്ചില്ല.

സമനില ഗോൾ നേടിയതോടെ ബഗാൻ ഉണർ​ന്നുകളിച്ചെങ്കിലും വിജയഗോൾ നേടാനായില്ല.ഒടുവിൽ അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ 96ാം മിനുറ്റിൽ ജെയ്മി മക്ലാരനാണ് ബഗാനായി ഗോൾ കുറിച്ചത്. മോഹൻ ബഗാനായി മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും സഹൽ അബ്ദുസ്സമദും കളത്തിലിറങ്ങി.

ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനമാണ് ബഗാൻ പുറത്തെടുത്തിരുന്നത്. 56 പോയന്റുമായാണ് അവർ ലീഗിൽ ഒന്നാമതെത്തിയത്. രണ്ടാമതുള്ള ഗോവക്ക് 48 പോയന്റും മൂന്നാമതുള്ള ​ബെംഗളൂരുവിന് 38 പോയന്റുമാണുണ്ടായിരുന്നത്.

Related Tags :
Similar Posts