< Back
Cricket
അർജുൻ ടെണ്ടുൽക്കറിന്റെ പെർഫെക്ട് യോർക്കർ; അടിതെറ്റി വീണ് മുംബൈ   ഇന്ത്യൻസ് ബാറ്റ്‌സ്മാൻ- വീഡിയോ
Cricket

അർജുൻ ടെണ്ടുൽക്കറിന്റെ പെർഫെക്ട് യോർക്കർ; അടിതെറ്റി വീണ് മുംബൈ ഇന്ത്യൻസ് ബാറ്റ്‌സ്മാൻ- വീഡിയോ

Web Desk
|
13 March 2024 5:14 PM IST

അഹമ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസിന് എതിരെയാണ് ഇന്ത്യൻസിന്റെ ആദ്യ മത്സരം.

മുംബൈ: ഐപിഎലിന് പത്തു ദിവസം മാത്രം ബാക്കിനിൽക്കെ നെറ്റ്‌സിൽ തകർത്തെറിഞ്ഞ് അർജുൻ ടെണ്ടുൽക്കർ. താരത്തിന്റെ അതിവേഗ യോർക്കറിൽ ബാറ്റ്‌സമാൻ നിലതെറ്റി വീഴുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മുംബൈ ഇന്ത്യൻസാണ് ഔദ്യോഗിക പേജിൽ വീഡിയോ പങ്കുവെച്ചത്. മുംബൈ താരം ജസ്പ്രീത് ബുംറയെ അനുസ്മരിപ്പിക്കുന്ന പെർഫെക്ട് യോർക്കർ പ്രകടനമായിരുന്നു സച്ചിന്റെ മകന്റേത്. സഹ താരം നെഹാൽ വധേരയാണ് മിന്നൽ ബൗളിങിൽ നിലതെറ്റി വീണത്.

കഴിഞ്ഞ ഐപിഎലിൽ മുംബൈ ടീമിൽ ഇടം പിടിച്ച താരത്തിന് വലിയ ഇംപാക്ടുണ്ടാക്കാനായിരുന്നില്ല. മൂന്ന് കളികളിൽ മൂന്ന് വിക്കറ്റാണ് യുവതാരം സ്വന്തമാക്കിയത്. എന്നാൽ ഇത്തവണ കൂടുതൽ കരുത്തനായാണ് എത്തിയതെന്ന് തെളിയിക്കുന്നതാണ് ഈ പ്രകടനം. ഐപിഎലിന് മുൻപായി കഠിന പരിശീലനമാണ് താരം നടത്തിയത്. ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്കായി സമീപ കാലത്ത് മികച്ച ഓൾറൗണ്ട് പ്രകടനമാണ് 24കാരൻ പുറത്തെടുത്തത്. വാലറ്റക്കാരനായി ക്രീസിലെത്തി അർധസെഞ്ചുറി നേടിയിരുന്നു.

മാർച്ച് 24ന് അഹമ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസിന് എതിരെയാണ് ഇന്ത്യൻസിന്റെ ആദ്യ മത്സരം. രോഹിത് ശർമ്മയ്ക്ക് പകരം ഹാർദിക് പാണ്ഡ്യയുടെ നായകത്വത്തിലാണ് മുംബൈ ഇക്കുറി ഇറങ്ങുന്നത്. കഴിഞ്ഞദിവസം മുംബൈ ക്യാമ്പിൽ ഹാർദിക് എത്തിയിരുന്നു. എന്നാൽ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയ രോഹിത് ശർമ്മ ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല.

Similar Posts