< Back
Cricket
ഹർമൻ പവറിൽ മുംബൈ ഇന്ത്യൻസിന് ജയം; ഗുജറാത്തിനെ ഏഴ് വിക്കറ്റിന് തോൽപിച്ചു
Cricket

ഹർമൻ പവറിൽ മുംബൈ ഇന്ത്യൻസിന് ജയം; ഗുജറാത്തിനെ ഏഴ് വിക്കറ്റിന് തോൽപിച്ചു

Sports Desk
|
13 Jan 2026 11:40 PM IST

മുംബൈ: വനിത പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ഏഴ് വിക്കറ്റ് ജയം. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിന്റെ 71*(43) തകർപ്പൻ അർദ്ധ സെഞ്ച്വറിയുടെ മികവിലാണ് നിലവിലെ ചാമ്പ്യന്മാരുടെ ജയം. സീസണിലെ മുംബൈയുടെ രണ്ടാം ജയമാണിത്. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ നാല് ബോൾ ബാക്കി നിൽക്കെയാണ് മുംബൈ ജയം സ്വന്തമാക്കിയത്.

നവി മുംബൈയിലെ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് നേടിയത്. 33 പന്തിൽ 43 റൺസ് നേടിയ ജോർജിയ വാരെഹാമാണ് ഗുജറാത്ത് നിരയിലെ ടോപ് സ്‌കോറർ. 33 റൺസ് നേടിയ ബെത്ത് മൂണിയും 36 റൺസ് നേടിയ ഭാരതി ഫുൽമാലിയും, 35 റൺസ് നേടിയ കനിക അഹുജയും ഗുജറാത്തിനെ കൂറ്റൻ സ്കോറിലെത്താൻ സഹായിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് മൂന്നാം ഓവറിൽ തന്നെ ഓപണർ ഗുണലൻ കമാലിനിയെ നഷ്ടമായി. രേണുക സിങ്ങാണ് കമലിനിയുടെ വിക്കറ്റെടുത്ത. പിന്നാലെ വന്ന അമൻജോത് കൗർ 26 പന്തിൽ ഏഴ് ബൗണ്ടറികൾ അടിച്ച് നേടിയ 40 റൺസും മുംബൈയുടെ ചേസിന് ശക്തിയേകി. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിന്റെ തകർപ്പൻ ബാറ്റിംഗ് കൂടിയായപ്പോൾ കൂറ്റൻ സ്കോറിലേക്ക് മുംബൈ അതിവേകാൻ ഓടിയടുത്തു. അവസാന ഓവറിൽ അഞ്ച് റൺസ് മാത്രമായിരുന്നു മുംബൈക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ ഒരു റണ്ണെടുത്ത് നിക്കോള ക്യാരി ഹർമൻപ്രീതിന് സ്ട്രൈക്ക് കൈമാറി. രണ്ടാം ബോളിൽ ബൗണ്ടറി കടത്തിയാണ് ക്യാപ്റ്റൻ മുംബൈ ഇന്ത്യൻസിന് വിജയം സമ്മാനിച്ചത്.

Similar Posts