എനിക്ക് പിആർ ടീമില്ലായിരുന്നു; അത് തെറ്റാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നു -അജിൻക്യ രഹാനെ
|ന്യൂഡൽഹി: സെലക്റ്റമാർക്കെതിരെ വിമർശനമുന്നയിച്ചും പരിഭവം തുറന്നുപറഞ്ഞും ഇന്ത്യൻ ക്രിക്കറ്റ് താരം അജിൻക്യ രഹാനെ രംഗത്ത്. 2018ന് ശേഷം ഏകദിനത്തിലും 2016ന് ശേഷം ട്വന്റി 20യിലും കളത്തിലിറങ്ങാനാകാത്ത രഹാനെ 2023 ജൂലൈ 20ന് ശേഷം ടെസ്റ്റ് ടീമിലും ഇടം കണ്ടെത്തിയിരുന്നില്ല.
‘‘ഞാൻ വളരെ നാണം കുണുങ്ങിയായിരുന്നു. ക്രിക്കറ്റ് കളിക്കുക ശേഷം വീട്ടിലേക്ക് തിരിച്ചുപോകുക എന്നതായിരുന്നു എന്റെ രീതി. വാർത്തകളിൽ നിറഞ്ഞുനിൽക്കണമെന്ന് പലരും ഉപദേശിക്കാറുണ്ടായിരുന്നു. എനിക്ക് പിആർ ടീമില്ല. ക്രിക്കറ്റ് മാത്രമായിരുന്നു എന്റെ പിആർ. പക്ഷേ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് പ്രധാനമാണെന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നു. അല്ലെങ്കിൻ നമ്മളെ അവർ ശ്രദ്ധിക്കില്ല’’
‘‘എന്തുകൊണ്ടാണ് ടീമിൽ ഉൾപ്പെടുത്താത്തതെന്ന് ചോദിച്ച് പോകുന്നയാളല്ല ഞാൻ. പോയി സംസാരിക്കൂവെന്ന് പലരും പറയാറുണ്ട്. പക്ഷേ അപ്പുറത്തുള്ളവർ സംസാരിക്കാൻ സന്നദ്ധരാകാതെ എങ്ങയെനാണ് അത് സാധ്യമാകുക. അപ്പുറത്തുള്ളവർ തയ്യാറല്ലെങ്കിൽ അതിനായി വാശി പിടിച്ചിട്ട് കാര്യമില്ല. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടപ്പോൾ വിഷമം തോന്നി. കാരണം അതിനായി ഞാൻ നന്നായി പണിയെടുത്തിരുന്നു. അടുത്ത സീരീസിൽ മടങ്ങിവരുമെന്നാണ് കരുതിയത്. പക്ഷേ ഉണ്ടായില്ല. മടങ്ങി വരാനാകുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നു’’ -രഹാനെ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
36കാരനായ രഹാനെ ഇന്ത്യക്കായി 85 ടെസ്റ്റുകളിൽ നിനും 38 ശരാശരിയിൽ 5077 റൺസും 90 ഏകദിനങ്ങളിൽ നിന്നും 35 ശരാശരിയിൽ 2962 റൺസും നേടിയിട്ടുണ്ട്.