< Back
Cricket
ഞാന്‍ മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയല്ല, ഇന്ത്യയുടെ ഗോള്‍കീപ്പറാണ്, ഇതൊന്നു അവസാനിപ്പിക്കൂ...
Cricket

'ഞാന്‍ മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയല്ല, ഇന്ത്യയുടെ ഗോള്‍കീപ്പറാണ്', ഇതൊന്നു അവസാനിപ്പിക്കൂ...

Web Desk
|
30 Sept 2021 2:16 PM IST

പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ തന്നെ ടാഗ് ചെയ്യുന്നതിനെ കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍

പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തുടരുകയാണ്. ഇതിനിടെ വെട്ടിലായിരിക്കുന്നത് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങാണ്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ പേരും തന്റെ പേരും ഒന്നായതാണ് താരത്തിന് തലവേദനയായിരിക്കുന്നത്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ തന്നെ ടാഗ് ചെയ്യുന്നതിനെ കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍.

പ്രിയപ്പെട്ട വാര്‍ത്താ മാധ്യമങ്ങളെ, മാധ്യമപ്രവര്‍ത്തകരേ, ഞാന്‍ അമരീന്ദര്‍ സിങ്, ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ ഗോള്‍ കീപ്പര്‍. പഞ്ചാബിന്റെ മുന്‍ മുഖ്യമന്ത്രിയല്ല. എന്നെ ടാഗ് ചെയ്യുന്നത് ദയവായി നിര്‍ത്തൂ...ട്വിറ്ററില്‍ അമരീന്ദര്‍ സിങ് കുറിച്ചു. പഞ്ചാബിലെ മഹില്‍പൂരില്‍ നിന്നുള്ള ഫുട്ബോള്‍ താരമാണ് അമരിന്ദര്‍ സിങ്. ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാന്റെ താരവും. 2017 മുതല്‍ 2021 വരെ മുംബൈ സിറ്റിയുടെ ഗോള്‍ വല കാത്തിരുന്ന അമരീന്ദര്‍ ഈ വര്‍ഷമാണ് എടികെ മോഹന്‍ ബഗാനിലേക്ക് എത്തിയത്. എഎഫ്സി എഷ്യാ കപ്പില്‍ എടികെയ്ക്ക് വേണ്ടി നാല് മത്സരങ്ങളില്‍ കളിച്ചു.

അതേസമയം, മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങ് അപമാനം സഹിച്ച് കോണ്‍ഗ്രസില്‍ തുടരില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപിയിലേക്ക് പോകില്ലെന്നും അമരീന്ദര്‍ വ്യക്തമാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അമരീന്ദറിന്റെ പ്രതികരണം. 'ഞാനിപ്പോള്‍ കോണ്‍ഗ്രസിലാണ്. പക്ഷേ ഞാന്‍ ഇനി കോണ്‍ഗ്രസില്‍ തുടരില്ല. എന്നോട് ഇങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു'- അമരീന്ദര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

Similar Posts