< Back
Cricket
I will never go to Pakistan again; New Zealand player who returned from PSL says Rishad Hossain
Cricket

'ഇനിയൊരിക്കലും പാകിസ്താനിലേക്ക് പോകില്ല'; പിഎസ്എല്ലിൽ നിന്ന് മടങ്ങിയ ന്യൂസിലൻഡ് താരം പറഞ്ഞതായി റിഷാദ് ഹൊസൈൻ

Sports Desk
|
11 May 2025 12:10 AM IST

പാകിസ്താനിലെ സാഹചര്യങ്ങളിൽ വിദേശ താരങ്ങൾ വലിയ പരിഭ്രാന്തിയിലായിരുന്നുവെന്ന് ബംഗ്ലാ ഓൾറൗണ്ടർ പറഞ്ഞു.

ദുബായ്: ഇന്ത്യ-പാകിസ്താൻ സംഘർത്തെ തുടർന്ന് പാകിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങൾ നിർത്തിവെച്ചിരുന്നു. ഇതേതുടർന്ന് മത്സരങ്ങൾ ദുബൈയിലേക്ക് മാറ്റാനുള്ള പാക് ക്രിക്കറ്റ് ബോർഡ് ശ്രമങ്ങളും വിജയിച്ചില്ല. ഒടുവിൽ ടൂർണമെന്റ് റദ്ദാക്കി വിദേശ താരങ്ങളെയടക്കം ദുബൈയിലേക്ക് ഫ്‌ളൈറ്റിയിൽ മടക്കി അയച്ചിരിക്കുകയാണ് പാകിസ്താൻ. ഇപ്പോഴിതാ വിദേശ താരങ്ങളെല്ലാം എങ്ങനെയാണ് പാകിസ്താനിലെ സാഹചര്യത്തോട് പ്രതികരിച്ചതെന്ന് വ്യക്തമാക്കുകയാണ് പിഎസ്എല്ലിന്റെ ഭാഗമായിരുന്ന ബംഗ്ലാദേശ് ഓൾറൗണ്ടർ റിഷാദ് ഹൊസൈൻ. വിദേശ താരങ്ങളായ സാം ബില്ലിങ്,ഡാരൻ മിച്ചൽ, കുശാൽ പെരേര,ഡേവിഡ് വീസ്, ടോം കറൺ എന്നിവരെല്ലാം വളരെയേറെ ഭയപ്പെട്ടതായി ബംഗ്ലാ താരം ക്രിക്ബസിന് നൽകിയ അഭിമുഖത്തിൽ റിഷാദ് പറഞ്ഞു. ഇംഗ്ലണ്ട് താരം കറനെ വൈകാരികമായിട്ടാണ് കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താനിലെ വിമാനത്താവളത്തിൽ എത്തിയപ്പോൾ അത് അടച്ചിട്ടിരിക്കുന്നത് കണ്ട് അദ്ദേഹം വളരെയേറെ നിരാശയിലും സങ്കടത്തിലുമാണ് പ്രതികരിച്ചത്.

ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലും വളരെ വൈകാരികമായാണ് തന്നോട് സംസാരിച്ചത്. '' ഇനിയൊരിക്കലും പാകിസ്ഥാനിലേക്ക് കളിക്കാനായി വരില്ല''- ദുബൈയിൽ വിമാനമിറങ്ങിയ ശേഷം മിച്ചെൽ ഇങ്ങനെയാണ് തന്നോട് പറഞ്ഞതെന്നും ഹൊസൈൻ പറഞ്ഞു. മുൻ സീസണിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഐപിഎൽ നടക്കുന്ന അതേ സമയമാണ് പിഎസ്എല്ലും നടന്നത്. ഐപിഎൽ ലേലത്തിൽ ഫ്രാഞ്ചൈസികൾ എടുക്കാത്ത താരങ്ങളാണ് പ്രധാനമായും അവിടെ കളിച്ചത്. മുൻ ഓസീസ് നായകൻ ഡേവിഡ് വാർണറും പിഎസ്എല്ലിൽ കളിച്ചിരുന്നു. അതേസമയം, സംഘർഷം അവസാനിച്ചാൽ അടുത്ത ആഴ്ചയോടെ ഐപിഎൽ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്. ദക്ഷിണേന്ത്യയിലെ മൂന്ന് സ്‌റ്റേഡിയങ്ങൾ കേന്ദ്രീകരിച്ചാകും അവശേഷിക്കുന്ന മത്സരങ്ങൾ പൂർത്തിയാക്കുകയെന്നും റിപ്പോർട്ടുണ്ട്

Similar Posts