< Back
Cricket
ഐസിസി ടി20 ലോകകപ്പ്: ഇന്ത്യയുമായി കളിക്കില്ലെന്ന് പാകിസ്താൻ
Cricket

ഐസിസി ടി20 ലോകകപ്പ്: ഇന്ത്യയുമായി കളിക്കില്ലെന്ന് പാകിസ്താൻ

Sports Desk
|
1 Feb 2026 10:29 PM IST

ന്യൂ ഡൽഹി: ഇന്ത്യക്കെതിരെയുള്ള ടി20 ലോകകപ്പ് മത്സരം ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ച് പാകിസ്താൻ. പാക് സർക്കാരിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്ത് വിട്ടത്. ഫെബ്രുവരി 15ന് ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന ഇന്ത്യയുമായുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പാകിസ്താൻ കളിക്കില്ല എന്നാണ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ബഹിഷ്‍കരണത്തിന് പിന്നിലെ കാരണം പാകിസ്താൻ വ്യക്തമാക്കിയിട്ടില്ല.

ബംഗ്ലാദേശിനെ ലോകകപ്പ് ബഹിഷ്‍കരിച്ച വിഷയത്തിൽ പാകിസ്താൻ മാത്രമാണ് അവർക്ക് ഐക്യദാർഢ്യവുമായി രംഗത്ത് വന്നിരുന്നത്. പിന്നാലെ പാകിസ്താൻ ലോകകപ്പിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ അവ്യക്തതയുണ്ടായിരുന്നു. ഈ വിഷയത്തിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും പാക് ആഭ്യന്തര മന്ത്രിയുമായ മുഹ്‌സിൻ നഖ്‌വി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ചർച്ചകൾ നടത്തുക ജനുവരി 30 -ഫെബ്രുവരി 2 തിയ്യതിക്കുള്ളിൽ അന്തിമ തീരുമാനം പുറത്ത് വിടുമെന്നും പ്രതികരിച്ചിരുന്നു. തിങ്കളാഴ്ച ലോകകപ്പിനായി ശ്രീലങ്കയിലേക്ക് പറക്കാനൊരുങ്ങുന്ന പാകിസ്താൻ ടീം ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്ന് മാത്രമാണ് പിന്മാറിയിരിക്കുന്നത്. നിലവിൽ ഐസിസി ഈ വിഷയത്തിൽ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

ഗ്രൂപ്പ് എയിൽ ഇന്ത്യ, നമീബിയ, നെതർലൻഡ്സ്, യുഎസ്എ ടീമുകൾക്കൊപ്പമാണ് പാകിസ്താനുള്ളത്. ആദ്യ രണ്ട് മത്സരത്തിൽ നെതർലൻഡ്സ് -യുഎസ്എ ടീമുകൾക്കെതിരെ കളിച്ചതിനു ശേഷമാണ് ഇന്ത്യയുമായുള്ള മത്സരം നിശ്ചയിച്ചിരുന്നത്. മത്സരം ബഹിഷ്കരിക്കുകയാണെങ്കിൽ പാകിസ്താന് രണ്ട് പോയിന്റ് നഷ്ടമാകും. പാക്-ഇന്ത്യ മത്സരം നടന്നില്ലെങ്കിൽ ഐസിസിക്കും പ​ങ്കെടുക്കുന്ന രാജ്യങ്ങൾക്കും കനത്ത സാമ്പത്തിക നഷ്ടം സംഭവിക്കും. ഇന്ത്യയാണ് ലോകകപ്പ് ആതിഥേയരെങ്കിലും പാകിസ്താന്റെ ആവശ്യപ്രകാരം അവരുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റുകയായിരുന്നു.

Similar Posts