
Pahalgam terror attack; Pakistan Super League broadcast suspended in India
പഹൽഗാം ഭീകരാക്രമണം; പാകിസ്താൻ സൂപ്പർ ലീഗ് സംപ്രേക്ഷണം ഇന്ത്യയിൽ നിർത്തിവെച്ചു
|പിഎസ്എല്ലുമായി ബന്ധപ്പെട്ട വീഡിയോകൾ ഫാൻകോഡ് നീക്കം ചെയ്തു
മുംബൈ: പാകിസ്താൻ സൂപ്പർ ലീഗ്(പിഎസ്എൽ) ക്രിക്കറ്റിന്റെ ഇന്ത്യയിലെ സംപ്രേക്ഷണം നിർത്തി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഫാൻകോഡ്. കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഔദ്യോഗിക സ്ഥിരീകരണം വന്നില്ലെങ്കിലും പിഎസ്എല്ലുമായി ബന്ധപ്പെട്ട എല്ലാ വിഡിയോയും ഫാൻകോഡിന്റെ വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ലീഗിലെ ആദ്യ 13 മത്സരങ്ങൾ ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്തിരുന്നു.
അതേസമയം, ക്രിക്കറ്റ് ലോകത്തെ പ്രമുഖരെല്ലാം പെഹൽഗാം ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. നിഷ്ഠൂരവും ഭീരുത്വവുമായ ആക്രമണമെന്ന് ബിസിസിഐ പ്രതികരിച്ചു. മുൻകാല തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ദീർഘകാലമായി പാകിസ്താനുമായുള്ള ക്രിക്കറ്റ് പരമ്പരകൾ നിർത്തിവെച്ചിരിക്കുകയാണ് ബിസിസിഐ. ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഇൻസ്റ്റഗ്രാമിലൂടെ വിരാട് കോഹ്ലി അനുശോചനം രേഖപ്പെടുത്തി. ഇരകളുടെ കുടുംബത്തിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുന്നുവെന്നും കൃത്യമായ നീതി നടപ്പിലാക്കണമെന്നും താരം കുറിച്ചു.