
ആസ്ട്രേലിയൻ ടീമിനെ ഉപേക്ഷിച്ചാൽ 83 കോടി രൂപ തരാമെന്ന് ഐപിഎൽ ഫ്രാഞ്ചൈസി; വേണ്ടെന്ന് കമ്മിൻസും ട്രാവിസ് ഹെഡും
|സിഡ്നി: അന്താരാഷ്ട്ര ക്രിക്കറ്റ് ഉപേക്ഷിച്ച് ഫ്രാഞ്ചൈസി ടി20 ലീഗുകളിൽ കളിക്കുന്നതിനായി ലഭിച്ച വാഗ്ദാനം നിരസിച്ച് ആസ്ട്രേലിയൻ താരങ്ങളായ പാറ്റ് കമ്മിൻസും ട്രാവിസ് ഹെഡും. ഒരു ഐപിഎൽ ടീം ഗ്രൂപ്പിൽ നിന്ന് ലഭിച്ച 10 മില്യൺ ഡോളറിന്റെ (ഏകദേശം 83 കോടി രൂപ) വാഗ്ദാനമാണ് നിരസിച്ചത് എന്നാണ് റിപ്പോർട്ടുണ്ട്.
ഓസ്‌ട്രേലിയൻ ഏകദിന, ടെസ്റ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനും സൂപ്പർ താരം ട്രാവിസ് ഹെഡിനുമാണ് ആസ്‌ട്രേലിയൻ ക്രിക്കറ്റ് ഉപേക്ഷിച്ച് വിദേശ ടി20 ലീഗുകളിൽ കളത്തിലിറങ്ങാൻ ഓഫർ ലഭിച്ചത്. എന്നാൽ, രാജ്യത്തിന് വേണ്ടിയുള്ള തങ്ങളുടെ പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ച ഇരുവരും ഈ വാഗ്ദാനം സ്നേഹപൂർവ്വം നിരസിക്കുകയായിരുന്നു. പ്രമുഖ ആസ്ട്രേലിയൻ മാധ്യമമായ സിഡ്‌നി മോണിംഗ് ഹെറാൾഡാണ് ഈ വാർത്ത പുറത്തുവിട്ടത്.
ആസ്‌ട്രേലിയയിലെ മുൻനിര താരങ്ങൾക്ക് വാർഷിക കരാറിലൂടെ 1.5 മില്യൺ ഡോളറാണ് ലഭിക്കുന്നത്. അതേസമയം, ക്യാപ്റ്റൻസി അലവൻസ് കൂടി കണക്കിലെടുക്കുമ്പോൾ കമ്മിൻസിന് ഏകദേശം 3 മില്യൺ ഡോളർ ലഭിക്കുന്നുണ്ട്. ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന താരങ്ങളിൽ കമ്മിൻസും ഹെഡുമുണ്ട്. സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിക്കുന്ന കമ്മിൻസിന് 18 കോടി രൂപയും ഹെഡിന് 2014 കോടി രൂപയുമാണ് ശമ്പളം.
2023ൽ മുംബൈ ഇന്ത്യൻസിന് വേണ്ടി വർഷം മുഴുവനും കളിക്കുന്നതിനും അന്താരാഷ്ട്ര ക്രിക്കറ്റ് ഉപേക്ഷിക്കുന്നതിനുമായി ഇംഗ്ലീഷ് താരം ജോഫ്ര ആർച്ചർക്ക് 7.5 മില്യൺ ഡോളറിന്റെ വാഗ്ദാനം ലഭിച്ചിരുന്നു, എന്നാൽ ഈ പേസർ അത് നിരസിച്ചു. ഈ വർഷമാദ്യം ലോകമെമ്പാടുമുള്ള ടി20 ലീഗുകളിൽ കളിക്കുന്നതിനായി ഹെൻറിച്ച് ക്ലാസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ദക്ഷിണാഫ്രിക്കൻ താരങ്ങളും വിൻഡീസ് താരങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റ് അതിവേഗം നിർത്തുന്നതിനിടെ ആസ്ട്രേലിയയിൽ നിന്നും വരുന്ന ഈ വാർത്തയെ ക്രിക്കറ്റ് പ്രേമികൾ പോസിറ്റീവായാണ് കാണുന്നത്.