
ഡീകോക്കിന്റെ 'വെടിക്കെട്ട് മഴയിൽ നനഞ്ഞു'; സിംബാബ്‌വെ - ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു
|ഫലം ഇല്ലാതെ മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു
ഹൊബാർട്ട്: ടി20 ലോകകപ്പ് സൂപ്പർ 12 ലെ സിംബാബ്വെ- ദക്ഷിണാഫ്രിക്ക പോരാട്ടം മഴയെ തുടർന്ന് ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്ന് മത്സരം ഒൻപത് ഓവറായി കുറച്ചിരുന്നു. ഫലം ഇല്ലാതെ മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.
മഴ മാറി ബാറ്റിങിന് ഇറങ്ങിയ സിംബാബ്വെ ഒൻപത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 79 റൺസെടുത്തു. വിജയം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം ഏഴോവറിൽ 64 റൺസാക്കി കുറച്ചു. സിംബാബ്വെ ബാറ്റിങ് അവസാനിപ്പിച്ചതിന് പിന്നാലെ മഴ വീണ്ടും തുടങ്ങി. ഇതോടെയാണ് കളി രണ്ടോവർ കൂടി കുറച്ചത്. ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് മൂന്നോവർ പൂർത്തിയാക്കിയതിന് പിന്നാലെ വീണ്ടും മഴ പെയ്തതോടെയാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. കളി ഉപേക്ഷിക്കുമ്പോൾ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ 51 റൺസെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക.
18 പന്തിൽ എട്ട് ഫോറും ഒരു സിക്സും സഹിതം 47 റൺസ് അടിച്ചെടുത്ത് ക്വിന്റൻ ഡികോക്ക് വെടിക്കെട്ട് പ്രകടനം പുറത്തെടുത്തെങ്കിലും മഴ വീണ്ടുമെത്തിയതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. നേരത്തെ സിംബാബ്വെ ടോസ് നേടി ബാറ്റിങിന് ഇറങ്ങുകയായിരുന്നു. ഒൻപതോവറായി ചുരുക്കിയ പോരിൽ തകർച്ചയോടെയാണ് സിംബാബ്വെ തുടങ്ങിയത്. ആദ്യ നാല് വിക്കറ്റുകൾ 19 റൺസിനിടെ അവർക്ക് നഷ്ടമായി.
അഞ്ചാമനായി ക്രീസിലെത്തിയ വെസ്ലി മധവേരെയുടെ തകർപ്പൻ ബാറ്റിങാണ് പൊരുതാവുന്ന സ്‌കോറിലേക്ക് അവരെ നയിച്ചത്. താരം 18 പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതം 35 റൺസ് അടിച്ചെടുത്താണ് ടീമിന് കരുത്തായത്. ദക്ഷിണാഫ്രിക്കക്കായി ലുംഗി എൻഗിഡി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. വെയ്ൻ പാർനൽ, അന്റിച് നോർക്യ എന്നിവർ ഓരോ വിക്കറ്റെടുത്തു.