< Back
Cricket
ശുഭ്മാൻ ഗിലിന് അർധ സെഞ്ച്വറി; ഗുജറാത്തിനെതിരെ പഞ്ചാബിന് ജയിക്കാൻ 200 റൺസ്
Cricket

ശുഭ്മാൻ ഗിലിന് അർധ സെഞ്ച്വറി; ഗുജറാത്തിനെതിരെ പഞ്ചാബിന് ജയിക്കാൻ 200 റൺസ്

Sports Desk
|
4 April 2024 9:29 PM IST

അവസാന ഓവറുകളിൽ ശുഭ്മാൻ ഗിൽ-തെവാത്തിയ കൂട്ടുകെട്ട് തുടരെ സിക്‌സറും ബൗണ്ടറിയും പായിച്ചതോടെ മികച്ച സ്‌കോറിലേക്കെത്താനായി

അഹമ്മദാബാദ്: ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മുന്നിൽ നിന്നു നയിച്ച മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെതിരെ വമ്പൻ സ്‌കോർ പടുത്തുയർത്തി ഗുജറാത്ത് ടൈറ്റൻസ്. ടോസ് നഷ്ടമായി നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ബാറ്റിങിനിറങ്ങിയ ആതിഥേയർ നിശ്ചിത 20 ഓവറിൽ 199 റൺസ് സ്വന്തമാക്കി. ശുഭ്മാൻ ഗിൽ 48 പന്തിൽ 89 റൺസുമായി പുറത്താകാതെ നിന്നു. ഈ സീസണിലെ ഉയർന്ന വ്യക്തിഗത സ്‌കോറാണിത്. അവസാന ഓവറുകളിൽ ഗിലിനൊപ്പം രാഹുൽ തെവാത്തിയ എട്ട് പന്തിൽ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 23 റൺസുമായി തകർത്തടിച്ചതോടെ സ്വന്തം തട്ടകത്തിൽ മികച്ച സ്‌കോറിലേക്ക് ഗുജറാത്തെത്തി. ഹർഷൽ പട്ടേൽ എറിഞ്ഞ 19ാം ഓവറിൽ 20 റൺസാണ് അടിച്ചെടുത്തത്.

= പഞ്ചാബിനെതിരെ ഗുജറാത്തിന്റെ തുടക്കം മികച്ചതായിരുന്നില്ല. ടീം സ്‌കോർ 29ൽ നിൽക്കെ വൃദ്ധിമാൻസാഹയെ (11) നഷ്ടമായി. കഗിസോ റബാഡെയുടെ ഓവറിൽ ശിഖർ ധവാൻ പിടിച്ച് പുറത്താക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ കെയിൽ വില്യംസണും വലിയ ഇന്നിങ്‌സിലേക്കെത്താനായില്ല. 22 പന്തിൽ 26 റൺസെടുത്ത ന്യൂസിലാൻഡ് ക്യാപ്റ്റൻ ഹർപ്രീത് ബ്രാറിന്റെ സ്പിൻ കെണിയിൽ ജോണി ബെയിസ്‌റ്റോക്ക് ക്യാച്ച് നൽകി മടങ്ങി. എന്നാൽ സായ് സുദർശൻ-ഗിൽ കൂട്ടുകെട്ട് മധ്യ ഓവറുകളിൽ ഗുജറാത്ത് സ്‌കോറിംഗ് ഉയർത്തി. 19 പന്തിൽ ആറു ബൗണ്ടറിയുമായി 33 റൺസുമായി തകർത്തുകളിച്ച സായ് സുദർശനെ ഹർഷൽ പട്ടേൽ സ്ലോബൗളിൽ കുരുങ്ങി.

ഡെത്ത് ഓവറുകളിൽ ശുഭ്മാൻ ഗിൽ-തെവാത്തിയ കൂട്ടുകെട്ട് തുടരെ സിക്‌സറും ബൗണ്ടറിയും പായിച്ചതോടെ മികച്ച സ്‌കോറിലേക്കെത്താനായി. പഞ്ചാബ് നിരയിൽ കഗിസോ റബാഡെ രണ്ട് വിക്കറ്റുമായി തിളങ്ങി. പരിക്കേറ്റ ലയാം ലിവിംഗ്സ്റ്റണിന് പകരം സിക്കന്ദർ റാസ പഞ്ചാബ് കിംഗ്‌സിൻറെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോൾ പരിക്കേറ്റ ഡേവിഡ് മില്ലറിന് പകരക്കാരനായാണ് കെയ്ൻ വില്യംസൻ ടീമിലെത്തിയത്.

പ്ലേയിംഗ് ഇലവൻ

ഗുജറാത്ത് ടൈറ്റൻസ്: വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), സായ് സുദർശൻ, കെയ്ൻ വില്യംസൺ, വിജയ് ശങ്കർ, അസമത്തുള്ള ഒമർസായ്, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, നൂർ അഹമ്മദ്, ഉമേഷ് യാദവ്, ദർശൻ നൽക്കണ്ഡെ.

പഞ്ചാബ് കിംഗ്‌സ്: ശിഖർ ധവാൻ (ക്യാപ്റ്റൻ), ജോണി ബെയ്ര്‍‌സ്റ്റോ, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), പ്രഭ്‌സിമ്രാൻ സിംഗ്, സാം കറൻ, ഷശാന്ത് സിംഗ്, സിക്കന്ദർ റാസ, ഹർപ്രീത് ബ്രാർ, ഹർഷൽ പട്ടേൽ, കാഗിസോ റബാഡ, അർഷ്ദീപ് സിംഗ്.

Similar Posts