< Back
Cricket
രാജസ്ഥാൻ ക്യാമ്പിൽ തകർത്തടിച്ച് സഞ്ജു; ഐപിഎലിന് മുൻപുള്ള സാമ്പിൾ വെടിക്കെട്ടെന്ന് ആരാധകർ
Cricket

രാജസ്ഥാൻ ക്യാമ്പിൽ തകർത്തടിച്ച് സഞ്ജു; ഐപിഎലിന് മുൻപുള്ള സാമ്പിൾ വെടിക്കെട്ടെന്ന് ആരാധകർ

Web Desk
|
10 March 2024 6:01 PM IST

ഐപിഎലിനിടെ ട്വന്റി 20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്നതിനാൽ ഫോം നിലനിർത്തേണ്ടതും രാജസ്ഥാൻ നായകന് നിർണായകമാണ്.

ന്യൂഡൽഹി: ഐപിഎൽ പുതിയ സീസണിന് മുന്നോടിയായി പരിശീലനത്തിൽ തകർത്തടിച്ച് സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസാണ് സമൂഹ മാധ്യമങ്ങളിലൂടെ മലയാളി താരത്തിന്റെ വീഡിയോ പങ്കുവെച്ചത്. ടി 15 എന്ന ക്യാപ്ഷനാണ് സഞ്ജുവിന്റെ ഈ ബാറ്റിങ് പരിശീലന വീഡിയോ ആർ ആർ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസമാണ് റോയൽസ് ക്യാമ്പിനൊപ്പം സഞ്ജു ചേർന്നത്. ബൗളർമാരെ സിക്‌സർ പറത്തുന്ന സഞ്ജുവിന്റെ വീഡിയോ ഇതിനകം വൈറലായി. ഇതിനൊപ്പം പങ്കുവെച്ച ടി 15 എന്ന ക്യാപ്ഷനും ആരാധകർക്കിടയിൽ ചർച്ചയ്ക്ക് കാരണമായി.റഷ്യയുടെ കരുത്തുറ്റ സൈനിക വാഹനമാണ് ടി 15. ഇതു 2015ലായിരുന്നു ആദ്യമായി ഉപയോഗിക്കെപ്പട്ടത്. ഇതേ വർഷമാണ് മലയാലിതാരത്തിന്റെ ട്വന്റി 20 ഫോർമാറ്റിലേക്കുള്ള അരങ്ങേറ്റവും. അതുമായി ബന്ധപ്പെടുത്തിയാവും ടി 15 എന്ന് സഞ്ജുവിന്റെ വീഡിയോക്കു റോയൽസ് ക്യാപ്ഷൻ നൽകിയതെന്നാണ് ആരാധകരുടെ കമന്റ്.

View this post on Instagram

A post shared by Rajasthan Royals (@rajasthanroyals)

ഷൂസിന്റെ ലെയ്സ് ധരിച്ചുകൊണ്ടാണ് ഈ വീഡിയോ ആരംഭിക്കുന്നത്. തുടർന്നു പാഡ് ധരിച്ച് ഹെൽമറ്റും ഗ്ലൗസും ബാറ്റുമേന്തി ഗ്രൗണ്ടിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു. തുടർന്ന് സ്വതസിദ്ധമായ ശൈലിയിൽ വൈവിധ്യ ഷോട്ടുകൾ പായിക്കുന്നതും വീഡിയോയിലുണ്ട്. ഇത്തവണ കിരീടം ഉയർത്തുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് റോയൽസ് ഇറങ്ങുന്നത്. ഐപിഎലിനിടെ ട്വന്റി 20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്നതിനാൽ ഫോം നിലനിർത്തേണ്ടതും രാജസ്ഥാൻ നായകന് നിർണായകമാണ്.

ഐപിഎല്ലിൽ 152 മത്സരങ്ങൾ കളിച്ച സഞ്ജു സാംസൺ 29.23 ശരാശരിയിലും 137.19 പ്രഹരശേഷിയിലും മൂന്ന് സെഞ്ചുറികളോടെ 3888 റൺസ് നേടിയിട്ടുണ്ട്. 20 ഫിഫ്റ്റികളും മലയാളിതാരത്തിന്റെ പേരിലുണ്ട്. കഴിഞ്ഞ ദിവസം സിക്‌സറടിക്കാൻ എന്തിനാണ് പത്തുപന്തുകൾ എന്ന തരത്തിലുള്ള താരത്തിന്റെ പ്രസ്താവന വലിയതോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തവണ തന്റെ ബാറ്റിങ് ശൈലി എങ്ങനെയായിരിക്കുമെന്ന് സൂചിപ്പിക്കുന്നത് കൂടിയാണ് ഈ വാക്കുകൾ.

Similar Posts