< Back
Cricket
Batting collapse in second innings; Kerala suffers innings defeat in Ranji Trophy
Cricket

രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകർച്ച; രഞ്ജി ട്രോഫിയിൽ കേരളത്തിന് ഇന്നിങ്‌സ് തോൽവി

Sports Desk
|
24 Jan 2026 4:28 PM IST

ആദ്യ ഇന്നിങ്സിൽ 277 റൺസിന്റെ കൂറ്റൻ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിൽ 185 റൺസിന് പുറത്താവുകയായിരുന്നു

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഢിനെതിരെ കേരളത്തിന് ഇന്നിങ്‌സ് തോൽവി. ഒരിന്നിങ്‌സിനും 92 റൺസിനുമാണ് പരാജയപ്പെട്ടത്. ആദ്യ ഇന്നിങ്‌സിൽ 277 റൺസിന്റെ കൂറ്റൻ ലീഡ് വഴങ്ങിയ ആതിഥേയർ രണ്ടാം ഇന്നിങ്‌സിൽ 185 റൺസിന് പുറത്താവുകയായിരുന്നു. ചണ്ഡിഗഢിന് വേണ്ടി രണ്ട് ഇന്നിങ്‌സുകളിലുമായി ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ രോഹിത് ധൻദയാണ് പ്ലെയർ ഓഫ് ദി മാച്ച്. സ്‌കോർ: കേരളം: ഒന്നാം ഇന്നിങ്‌സ് - 139, രണ്ടാം ഇന്നിങ്‌സ് - 185. ചണ്ഡിഗഢ്: ഒന്നാം ഇന്നിങ്‌സ് - 416.

രണ്ട് വിക്കറ്റിന് 21 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് തുടക്കത്തിലേ പ്രഹരമേറ്റു. സച്ചിൻ ബേബിയും ബാബ അപരാജിത്തും അടുത്തടുത്ത ഓവറുകളിൽ പുറത്തായി. ആറ് റൺസെടുത്ത സച്ചിൻ ബേബിയെ രോഹിത് ധൻദയും, 17 റൺസെടുത്ത ബാബ അപരാജിത്തിനെ ജഗ്ജിത് സിങ് സന്ധുവുമാണ് പുറത്താക്കിയത്. പിന്നീട് ഒത്തുചേർന്ന വിഷ്ണു വിനോദ് -സൽമാൻ നിസാർ സഖ്യം 63 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഒരോവറിൽ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ കളിയുടെ വിധി നിശ്ചയിക്കപ്പെട്ടു.

25-ാം ഓവറിലെ ആദ്യ പന്തിൽ വിഷ്ണു വിനോദിനെ പുറത്താക്കിയ രോഹിത് ധൻദ അതേ ഓവറിൽ തന്നെ മുഹമ്മദ് അസറുദ്ദീനെയും അങ്കിത് ശർമ്മയെയും കൂടി മടക്കി. 43 പന്തുകളിൽ 12 ബൗണ്ടറികളടക്കം 56 റൺസാണ് വിഷ്ണു വിനോദ് നേടിയത്. അസ്ഹറുദ്ദീനും അങ്കിത് ശർമ്മയും അക്കൗണ്ട് തുറക്കാതെ മടങ്ങി. സൽമാൻ നിസാർ ഒരറ്റത്ത് ഒറ്റയാൾ പോരാട്ടവുമായി നിലയുറപ്പിച്ചെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. 185 റൺസിന് കേരളത്തിന്റെ ഇന്നിങ്‌സ് അവസാനിച്ചു. സൽമാൻ നിസാർ 53-ഉം ഏദൻ ആപ്പിൾ ടോം 14-ഉം നിധീഷ് എം.ഡി. 12-ഉം റൺസ് നേടി. ചണ്ഡിഗഢിനായി രോഹിത് ധൻദ നാല് വിക്കറ്റും വിഷു കശ്യപ് മൂന്ന് വിക്കറ്റും വീഴ്ത്തി.

Related Tags :
Similar Posts