< Back
Cricket
Saurashtra strikes back in Ranji Trophy; scores a good total against Kerala
Cricket

രഞ്ജി ട്രോഫിയിൽ തിരിച്ചടിച്ച് സൗരാഷ്ട്ര; കേരളത്തിനെതിരെ മികച്ച സ്‌കോറിലേക്ക്

Sports Desk
|
10 Nov 2025 5:55 PM IST

ആദ്യ ഇന്നിങ്‌സിൽ 73 റൺസിന്റെ ലീഡ് വഴങ്ങിയ സന്ദർശകർ രണ്ടാം ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റിന് 351 റൺസെന്ന നിലയിലാണ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ തിരിച്ചടിച്ച് സൗരാഷ്ട്ര. ആദ്യ ഇന്നിങ്‌സിൽ 73 റൺസിന്റെ ലീഡ് വഴങ്ങിയ സന്ദർശകർ രണ്ടാം ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റിന് 351 റൺസെന്ന നിലയിലാണ്. ഒരു ദിവസത്തെ കളി കൂടി ബാക്കിയിരിക്കെ സൗരാഷ്ട്രയ്ക്ക് ഇപ്പോൾ 278 റൺസിന്റെ ലീഡുണ്ട്. ചിരാഗ് ജാനിയുടെ ഉജ്ജ്വല സെഞ്ച്വറിയാണ് സൗരാഷ്ട്രയുടെ ഇന്നിങ്‌സിന് കരുത്തായത്.

നേരത്തെ ആദ്യ ഇന്നിങ്‌സിൽ തകർന്നടിഞ്ഞ സൗരാഷ്ട്രയുടെ ബാറ്റിങ് നിര മൂന്നാംദിനം ഫോം വീണ്ടെടുക്കുകയായിരുന്നു. കളി തുടങ്ങി രണ്ടാം ഓവറിൽ തന്നെ ജയ് ഗോഹിലിന്റെയും വൈകാതെ ഗജ്ജർ സമ്മറിന്റെയും വിക്കറ്റുകൾ നഷ്ടമായെങ്കിലും സൗരാഷ്ട്ര ശക്തമായി തിരിച്ചു വന്നു. 24 റൺസെടുത്ത ജയ് ഗോഹിൽ നിധീഷിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയപ്പോൾ 31 റൺസെടുത്ത ഗജ്ജറിനെ ബേസിൽ എൻ പി ക്ലീൻ ബൗൾഡാക്കുകയായിരുന്നു.

എന്നാൽ അർപ്പിത് വസവദയും ചിരാഗ് ജാനിയും ചേർന്ന കൂട്ടുകെട്ട് സൗരാഷ്ട്രയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ ദിവസത്തിന്റെ ആദ്യ പകുതി പൂർത്തിയാക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റിന് 159 റൺസെന്ന നിലയിലായിരുന്നു സൗരാഷ്ട്ര. നിലയുറപ്പിച്ചതോടെ ഇരുവരും ചേർന്ന് അനായാസം ഇന്നിങ്‌സ് മുന്നോട്ടു നീക്കി. അർപ്പിത് അർദ്ധ സെഞ്ച്വറിയും ചിരാഗ് സെഞ്ച്വറിയും പൂർത്തിയാക്കി. ഇരുവരും ചേർന്ന് 174 റൺസാണ് കൂട്ടിച്ചേർത്തത്. 74 റൺസെടുത്ത അർപ്പിതിനെ പുറത്താക്കി ബാബ അപരാജിത്താണ് കൂട്ടുകെട്ടിന് അവസാനമിട്ടത്.

തുടർന്ന് ചിരാഗിന് കൂട്ടായി പ്രേരക് മങ്കാദ് എത്തിയതോടെ സൗരാഷ്ട്രയുടെ സ്‌കോറിങ് വേഗത്തിലായി. ഇരുവരും ചേർന്ന് 17 ഓവറിൽ 105 റൺസ് കൂട്ടിച്ചേർത്തു. 152 റൺസെടുത്ത ചിരാഗ് ജാനിയെ ബേസിൽ പന്തിൽ ക്ലീൻ ബൌൾഡാക്കുകയായിരുന്നു. 14 ബൗണ്ടറിയും നാല് സിക്‌സുകളും അടങ്ങുന്നതായിരുന്നു ചിരാഗിന്റെ ഇന്നിങ്‌സ്. കളി നിർത്തുമ്പോൾ 52 റൺസോടെ പ്രേരക് മങ്കാദും ഒരു റണ്ണോടെ അൻഷ് ഗോസായിയുമാണ് ക്രീസിൽ. കേരളത്തിന് വേണ്ടി നിധീഷും ബേസിലും രണ്ട് വിക്കറ്റ് വീതവും അപരാജിത് ഒരു വിക്കറ്റും വീഴ്ത്തി.

Similar Posts