< Back
Cricket
അമ്പയർ ഔട്ട് വിളിച്ചില്ല, സ്വയം ഔട്ടായി പൂനം;കയ്യടിച്ച് ക്രിക്കറ്റ് ലോകം
Cricket

അമ്പയർ ഔട്ട് വിളിച്ചില്ല, 'സ്വയം ഔട്ടായി' പൂനം;കയ്യടിച്ച് ക്രിക്കറ്റ് ലോകം

Web Desk
|
1 Oct 2021 4:51 PM IST

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനമാണ് അമ്പയർ ഔട്ട് വിളിക്കാതിരുന്നിട്ടും പൂനം റാവത്ത് കളംവിട്ടത്

ഓസ്‌ട്രേലിയയ്‌ക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ അമ്പയർ ഔട്ട് വിളിക്കാതിരുന്നിട്ടും ഔട്ടാണെന്ന് മനസ്സിലാക്കി ക്രീസ് വിട്ട് ഇന്ത്യൻ താരം പൂനം റാവത്ത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനമാണ് അമ്പയർ ഔട്ട് വിളിക്കാതിരുന്നിട്ടും പൂനം റാവത്ത് കളംവിട്ടത്. മത്സരത്തിൽ പൂനം 165 പന്തിൽ രണ്ടു ഫോറുകളോടെ 36 റൺസാണെടുത്തത്. കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ ഓപ്പണർ സ്മൃതി മന്ഥനയ്‌ക്കൊപ്പം രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടും തീർത്തു.അതേസമയം, പൂനത്തിന്റെ സ്‌പോർട്‌സ്മാൻ സ്പിരിറ്റിന് ക്രിക്കറ്റ് ലോകം കയ്യടിക്കുകയാണ്.

രണ്ടാം ദിനം ആദ്യ സെഷനിൽ 81-ാം ഓവറിലാണ് പൂനം 'സ്വയം' പുറത്തായി മടങ്ങിയത്. ഈ ഓവർ ബോൾ ചെയ്ത സോഫി മോളിന്യൂക്‌സ് നാലാം പന്തിൽ പൂനത്തെ വിക്കറ്റ് കീപ്പർ അലീസ ഹീലിയുടെ കൈകളിലെത്തിച്ചു.

പന്ത് ബാറ്റിൽത്തട്ടിയെന്ന ധാരണയിൽ ഓസീസ് താരങ്ങൾ ക്യാച്ചിനായി അപ്പീൽ ചെയ്‌തെങ്കിലും അമ്പയർ നിരസിച്ചു. അത് ക്യാച്ചാണോയെന്ന കാര്യത്തിൽ ഓസീസ് താരങ്ങൾക്കും ആശയക്കുഴപ്പമുണ്ടെന്ന് ദുർബലമായ അപ്പീലിൽനിന്ന് വ്യക്തമായിരുന്നു. അമ്പയർ ഔട്ട് നിഷേധിച്ചതോടെ ക്രീസിൽ തുടരാൻ പൂനത്തിന് അവസരമുണ്ടായിരുന്നു. ഈ ടെസ്റ്റിൽ ഡിആർഎസ് സംവിധാനം ഉപയോഗിക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്. എന്നാൽ, എല്ലാവരെയും ഞെട്ടിച്ച രംഗങ്ങളാണ് പിന്നീട് കളത്തിൽ കണ്ടത്. പന്ത് ബാറ്റിൽത്തട്ടിയെന്ന് ഉറപ്പുണ്ടായിരുന്ന പൂനം റാവത്ത് ബാറ്റുമെടുത്ത് പവലിയനിലേക്ക് നടക്കുകയായിരുന്നു.

പവലിയനിലേക്കു മടങ്ങിയ പൂനത്തിനെ ഇന്ത്യൻ താരങ്ങൾ കയ്യടികളോടെയാണ് സ്വീകരിച്ചത്. താനാണെങ്കിൽ ഇത്തരമൊരു അവസരത്തിൽ അമ്പയർ ഔട്ട് വിളിക്കാത്തതിനാൽ സ്വയം പുറത്തുപോകില്ലെന്ന് ഓസീസ് താരം ബേഥ് മൂണി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പൂനം റാവത്തിന്റെ പ്രവർത്തിക്ക് വൻ കയ്യടിയാണ് ലഭിക്കുന്നത്.

Similar Posts