< Back
Cricket
ടി20യിൽ 150 സിക്‌സറടിച്ച് ലോകപട്ടികയിൽ രോഹിത് ശർമ്മ രണ്ടാമത്
Cricket

ടി20യിൽ 150 സിക്‌സറടിച്ച് ലോകപട്ടികയിൽ രോഹിത് ശർമ്മ രണ്ടാമത്

Sports Desk
|
21 Nov 2021 9:15 PM IST

രോഹിതിന് പുറമേ ഈ പട്ടികയിലുള്ള ഇന്ത്യൻ താരം മുൻ ടി 20 ക്യാപ്റ്റൻ വിരാട് കോലിയാണ്. 91 സിക്‌സറുകളാണ് കോലി നേടിയത്

ന്യൂസിലാൻഡിനെതിരെ നടക്കുന്ന മൂന്നാം ടി 20 യിൽ ലോക്കി ഫെർഗൂസൻ എറിഞ്ഞ ഷോർട്ട് ഡെലിവറിയിൽ പന്ത് ഗാലറിയിലെത്തിച്ചതോടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് സിക്‌സറടിയിൽ ലോക റെക്കോർഡ്. 150 സിക്‌സറുകളുമായി ടി 20 മത്സരങ്ങളിലെ സിക്‌സർ വീരന്മാരുടെ പട്ടികയിൽ രണ്ടാമതെത്തിയിരിക്കുകയാണ് രോഹിത്. 161 സിക്‌സറുകളുമായി ന്യൂസിലാൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിലാണ് പട്ടികയിൽ ഒന്നാമത്. 124 സിക്‌സറുകളുമായി വെസ്റ്റിൻഡീസിന്റെ ക്രിസ് ഗെയിലാണ് മൂന്നം സ്ഥാനത്തുള്ളത്. രോഹിതിന് പുറമേ ഈ പട്ടികയിലുള്ള ഇന്ത്യൻ താരം മുൻ ടി 20 ക്യാപ്റ്റൻ വിരാട് കോലിയാണ്. 91 സിക്‌സറുകളാണ് കോലി നേടിയത്.


ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിൽ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 184 റൺസാണ് നേടിയിരിക്കുന്നത്. രോഹിത് ശർമയും ഇഷാൻ കിഷനും ഇന്ത്യക്ക് മികച്ച തുടക്കം നൽകി. 31പന്തിൽ അഞ്ച് ഫോറും മൂന്ന് സികസിന്റെയും അകമ്പടിയോടെ 56 റൺസാണ് രോഹിത് അടിച്ചെടുത്തത്. 29 റൺസെടുത്ത് ഇഷാൻ കിഷൻ കളം വിട്ടപ്പോൾ പ്രതീക്ഷയോടെ എത്തിയ സൂര്യകുമാർ യാദവ് (0), റിഷഭ് പന്ത് (4) എന്നിവർ നിരാശരാക്കി. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ശ്രേയസ് അയ്യറും വെങ്കിടേഷ് അയ്യരും ചേർന്ന് പൊരുതിയപ്പോൾ ഇന്ത്യ കളി വീണ്ടെടുത്തു. ശ്രേയസ് 25ഉം വെങ്കടേഷ് 20 റൺസും നേടി.

ബൗളിങ് മാത്രമല്ല ബാറ്റിങ്ങും തനിക്കു വഴങ്ങുമെന്ന് തെളിയിക്കുന്നതായിരുന്നു ഹർഷൽ പട്ടേലിന്റെ ബാറ്റിങ്. എട്ട് ബോളിൽ നിന്ന് രണ്ട് ഫോറുകളുടെ അകമ്പടിയോടെ 18 റൺസാണ് ഹർഷലിന്റെ സംഭാവന. അവസാന ഓലറിൽ ദീപക് ചഹാർ തകർത്തടിച്ചതോടെ ഇന്ത്യ മികച്ച സ്‌കോർ കണ്ടെത്തി ഏഴ് പന്തിൽ നിന്ന് 20 റൺസാണ് ദീപക് ചഹാർ അടിച്ചെടുത്തത്. നാല് ഓവറിൽ 27 റൺസ് വഴങ്ങി സാന്റനർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ട്രെന്റ് ബോൾട്ട്, ആദം മിലിൻ, ലോക്കി ഫെർഗൂസൺ, ഇഷ് സോദി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കെഎൽ രാഹുലിനും രവിചന്ദ്രൻ അശ്വിനും ഇന്ത്യ ഇന്ന് വിശ്രമം നൽകി. പകരം ഇഷാൻ കിഷനും യൂസുവേന്ദ്ര ചഹലും ടീമിലെത്തി. ന്യൂസിലന്റ് ടീമിൽ ടിം സൗത്തിയ്ക്ക് പകരം ലോക്കി ഫെർഗൂസൺ എത്തി.

Similar Posts