< Back
Cricket
റൺമല കടക്കാനാവാതെ രാജസ്ഥാൻ; ഐപിഎല്ലിൽ  ഹൈദരാബാദിന് 44 റൺസ് ജയം
Cricket

റൺമല കടക്കാനാവാതെ രാജസ്ഥാൻ; ഐപിഎല്ലിൽ ഹൈദരാബാദിന് 44 റൺസ് ജയം

Sports Desk
|
23 March 2025 8:05 PM IST

രാജസ്ഥാനായി സഞ്ജു സാംസണും ധ്രുവ് ജുറേലും അർധസെഞ്ച്വറി നേടി

ഹൈദരാബാദ്: അടിയും തിരിച്ചടിയും കണ്ട ഐപിഎൽ ആവേശപോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് 44 റൺസ് ജയം. ഹൈദരാബാദ് ഉയർത്തിയ 287 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 242 റൺസെടുക്കാനേ ആയുള്ളൂ. 70 റൺസുമായി ധ്രുവ് ജുറേൽ ടോപ് സ്‌കോററായി. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ സഞ്ജു സാംസൺ 66 റൺസുമായി മികച്ചപിന്തുണ നൽകി. സ്വന്തം തട്ടകമായ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ ഐപിഎൽ ചരിത്രത്തിലെ ഉയർന്ന രണ്ടാമത്തെ ടോട്ടലാണ് എസ്ആർഎച്ച് സ്വന്തമാക്കിയത്.

റൺമലയിലേക്ക് ബാറ്റുവീശിയ രാജസ്ഥാന്റെ തുടക്കം മികച്ചതായില്ല. സ്‌കോർബോർഡിൽ 20 റൺസ് ചേർക്കുമ്പോഴേക്ക് യശസ്വി ജയ്‌സ്വാളിനെ(1) നഷ്ടമായി. പിന്നാലെ ക്യാപ്റ്റൻ റയാൻ പരാഗിനെ(4) സിമിർജീത്ത് സിങ് പാറ്റ് കമ്മിൻസിന്റെ കൈകളിലെത്തിച്ചു. നിതീഷ് റാണയും(11) വേഗത്തിൽ കൂടാരം കയറി. നാലാം വിക്കറ്റിൽ ഒത്തുചേർന്ന സഞ്ജു-ജുറേൽ കൂട്ടുകെട്ട് ആർആറിന്റെ പ്രതീക്ഷകൾക്ക് ചിറകുനൽകി. തുടരെ അതിർത്തി കടത്തിയ ഇരുവരും പവർപ്ലെ ഓവറുകളിൽ തകർത്തടിച്ചു. എന്നാൽ ഹർഷൽ പട്ടേൽ മികച്ച രീതിയിൽ പന്തെറിഞ്ഞതോടെ മധ്യഓവറുകളിൽ റൺറേറ്റ് ഉയർത്താനായില്ല. സ്‌കോർ 161ൽ നിൽക്കെ സഞ്ജുവിനെ ഹെന്റിച് ക്ലാസന്റെ കൈകളിലെത്തിച്ച് ഹർഷൽ പട്ടേൽ നിർണായക ബ്രേക്ക്ത്രൂ നൽകി. തുടർന്ന് ധ്രുവ് ജുറേലും(35 പന്തിൽ 70) മടങ്ങിയതോടെ സന്ദർശകരുടെ പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചു. അവസാന ഓവറുകളിൽ ശിമ്രോൺ ഹെയ്റ്റ്‌മെയറും(42) ദുബെയും(34) പൊരുതി നോക്കിയെങ്കിലും ലക്ഷ്യം ഏറെ അകലെയായിരുന്നു.

നേരത്തെ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് കൂറ്റൻ സ്‌കോർ നേടിയത്. ഇഷാൻ കിഷൻ സെഞ്ച്വറിയുമായി(106) പുറത്താകാതെ നിന്നു. 47 പന്തിൽ 11 ഫോറും ആറ് സിക്‌സറും സഹിതമാണ് യുവതാരം 106 റൺസുമായി ഓറഞ്ച് ഓർമിയിലേക്കുള്ള വരവ് ഗംഭീരമാക്കിയത്. അർധ സെഞ്ച്വറിയുമായി(31 പന്തിൽ 67) ട്രാവിസ് ഹെഡും മികച്ച പിന്തുണ നൽകി. ഹെന്റിച് ക്ലാസൻ(14 പന്തിൽ 34), നിതീഷ് കുമാർ റെഡ്ഡി(15 പന്തിൽ 30) എന്നിവരും തകർത്തടിച്ചു.

സ്വന്തം തട്ടകമായ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ തുടക്കം മുതൽ അടിച്ചുകളിച്ച എസ്ആർഎച്ച് ആദ്യ 6 ഓവറുകളിൽ 94 റൺസ് സ്വന്തമാക്കി. 3.4 ഓവറുകളിലാണ് 50 റൺസ് നേടിയത്. ഹെഡും-അഭിഷേകും ചേർന്ന് തകർപ്പൻ തുടക്കമാണ് ആതിഥേയർക്ക് നൽകിയത്. സ്‌കോർ 45ൽ നിൽക്കെ അഭിഷേക് ശർമ(11 പന്തിൽ 24) മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഇഷാൻ-ഹെഡ് സഖ്യം അതിവേഗം സ്‌കോർ ഉയർത്തി. ഐപിഎല്ലിലെ ഏറ്റവും കൂടുതൽ റൺസ് വിട്ടുകൊടുക്കുന്ന ബൗളർ എന്ന മോശം റെക്കോർഡും ജോഫ്രാ ആർച്ചർ കുറിച്ചു. 4 ഓവറിൽ 76 റൺസാണ് ഇംഗ്ലീഷ് പേസർ വിട്ടുകൊടുത്തത്.

Related Tags :
Similar Posts