< Back
Cricket
asha shobhana, sajana sajeevan
Cricket

വനിത ട്വന്റി 20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചു; അഭിമാനമായി സജനയും ആശയും

Sports Desk
|
27 Aug 2024 7:57 PM IST

ന്യൂഡൽഹി: വനിത ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളികളായ ആശ ശോഭനയും സജന സജീവനും 15 അംഗ ടീമിൽ ഇടംപിടിച്ചു. ഒക്ടോബർ മൂന്ന് മുതൽ ബംഗ്ലാദേശിൽ നടത്താനിരുന്ന ടൂർണമെന്റ് രാഷ്ട്രീയ കാരണങ്ങളെത്തുടർന്ന് യു.എ.ഇയിലേക്ക് മാറ്റിയിട്ടുണ്ട്.

ഹർമൻ പ്രീത് കൗർ തന്നെ നയിക്കുന്ന ടീമിൽ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. ആസ്ട്രേലിയ, ന്യൂസിലൻഡ്, പാകിസ്താൻ, ശ്രീലങ്ക എന്നിവരടങ്ങുന്ന കഠിനമായ ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. പോയവർഷം ദക്ഷിണാഫ്രിക്കയിൽ നടന്ന ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ പുറത്തായിരുന്നു. അവസാനത്തെ ഏഴ് ടൂർണമെന്റുകളിൽ ആറെണ്ണവും ജേതാക്കളായത് ആസ്ട്രേലിയയാണ്.

തിരുവനന്തപുരം സ്വദേശിനിയായ ആശ ശോഭന ഈ വർഷം മെയ് മാസത്തിൽ ബംഗ്ലദേശിനെതിരെയാണ് അരങ്ങേറ്റം കുറിച്ചത്. വനിത ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരമാണ്. ഇൗ വർഷം ബംഗ്ലദേശിനെതിരെ അരങ്ങേറ്റം കുറിച്ച സജന സജീവൻ വയനാട് മാനന്തവാടി സ്വദേശിനിയാണ്. അതേ സമയം ഇന്ത്യൻ വനിത ടീമിലെ മലയാളി മുഖമായ മിന്നുമണി ടീമിലിടം പിടിച്ചിട്ടില്ല.

Similar Posts