< Back
Cricket
ടീമിലുണ്ട്, അന്തിമ ഇലവനില്ല: ഡബ്ലിനിൽ ആരാധകർക്കൊപ്പം സെൽഫിയുമായി സഞ്ജു
Cricket

'ടീമിലുണ്ട്, അന്തിമ ഇലവനില്ല': ഡബ്ലിനിൽ ആരാധകർക്കൊപ്പം സെൽഫിയുമായി സഞ്ജു

Web Desk
|
28 Jun 2022 1:33 PM IST

ആദ്യ മത്സരത്തിന് സമാനമായി രണ്ടാം മത്സരത്തിനും മഴ ഭീഷണിയുണ്ട് . ഡബ്ലിനിൽ ഇന്ത്യൻ സമയം രാത്രി 9നാണ് മത്സരം ആരംഭിക്കുക.

ഡബ്ലിന്‍: അയർലാൻഡിനെതിരായ രണ്ടാം ടി20യിലും അവസരം ലഭിക്കുമോ എന്നുറപ്പില്ലെങ്കിലും മലയാളി താരം സഞ്ജു സാംസൺ ഡബ്ലിനിൽ നിറസാന്നിധ്യമാണ്. മത്സരം വീക്ഷിക്കാനെത്തിയ ഇന്ത്യൻ ആരാധകർക്കൊപ്പമുള്ള സഞ്ജുവിന്റെ സെൽഫിയും ഓട്ടോഗ്രാഫ് നൽകലുമൊക്കെ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വൈറലാണ്. ആദ്യ ടി20യിൽ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ഇഷൻ കിഷൻ, ദിനേശ് കാർത്തിക് എന്നിവരെ മറികടന്ന് സഞ്ജുവിന് ടീമിൽ അവസരം ലഭിക്കാൻ സാധ്യത കുറവാണെന്ന് ക്രിക്കറ്റ് പണ്ഡിറ്റുകൾ വിലയിരുത്തിയിരുന്നു.

അതുപോലെതന്നെ സംഭവിക്കുകയും ചെയ്തു. എന്നാൽ രണ്ടാം ടി20യിൽ സഞ്ജുവിന് അവസരം ലഭിച്ചേക്കുമെന്ന് പറയപ്പെടുന്നുണ്ട്. പരിക്കേറ്റ റിതുരാജ് ഗെയിക്‌വാദിന് പകരക്കാരനായാവും സഞ്ജു എത്തുക. റിതുരാജ് പരിക്കിൽ നിന്ന് മോചതിനായാൽ സഞ്ജു ഒരുപക്ഷേ ഇന്നും പുറത്തിരിക്കേണ്ടി വരും. അതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ സഞ്ജുവിന് വെറുംകയ്യോടെ മടങ്ങേണ്ടി വരും. എന്നാൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടി20 പരമ്പരയിലും താരത്തിന് അവസരം ലഭിച്ചേക്കുമെന്നും പറയപ്പെടുന്നു.

അതേസമയം പുതിയ ക്യാപ്റ്റന്റെ കീഴിൽ യുവനിരയുമായി എത്തിയ ഇന്ത്യ ആദ്യ മത്സരത്തിൽ നേടിയത് ആധികാരിക ജയമായിരുന്നു. രണ്ടാം മത്സരത്തിലും പ്രകടനം ആവർത്തിക്കുകയാണ് ലക്ഷ്യം. ടി-20 സ്പെഷ്യലിസ്റ്റുകൾ നിരവധിയുള്ള അയർലന്‍ഡിനെ വിലകുറച്ച് കാണാനാവില്ല. അതിന്റെ സൂചന ആദ്യ മത്സരത്തിൽ അവർ നൽകുകയും ചെയ്തു.. കനത്ത മഴയും 11 ഡിഗ്രി സെൽഷ്യസിലേക്ക് വരെ താഴുന്ന താപനിലയും തണുത്ത കാറ്റുമാണ് ഇന്ത്യൻ താരങ്ങളെ വലയ്ക്കുന്നത്. ആദ്യ മത്സരത്തിൽ നിറം മങ്ങിയ ഉമ്രാൻ മാലിക്കിന് പകരം അർഷദീപ് സിങിനെ പരിഗണിക്കാനും സാധ്യതയുണ്ട്.

ആദ്യ മത്സരത്തിന് സമാനമായി രണ്ടാം മത്സരത്തിനും മഴ ഭീഷണിയുണ്ട് . ഡബ്ലിനിൽ ഇന്ത്യൻ സമയം രാത്രി 9നാണ് മത്സരം ആരംഭിക്കുക. 'ടീമിലുണ്ട്, അന്തിമ ഇലവനില്ല എന്നിട്ടും ഡബ്ലിനിൽ ആരാധകർക്കൊപ്പം സഞ്ജു എന്ന ട്വീറ്റാണ് തരംഗമാകുന്നത്.

Summary-Sanju entertaining his fans in dublin


Related Tags :
Similar Posts