< Back
Cricket
സഞ്ജു യുവരാജിനെ പോലെ; വാനോളം പുകഴ്ത്തി ഡ്വെയ്ൽ സ്റ്റെയ്ൻ
Cricket

സഞ്ജു യുവരാജിനെ പോലെ; വാനോളം പുകഴ്ത്തി ഡ്വെയ്ൽ സ്റ്റെയ്ൻ

Web Desk
|
7 Oct 2022 7:10 PM IST

സഞ്ജുവിന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെയത്രയും കഴിവുണ്ടെന്നായിരുന്നു മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്‌നിന്റെ പ്രതികരണം

ലഖ്നൗ: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിലെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണിന് അഭിനന്ദനപ്രവാഹം. താരത്തിന് പ്രശംസയുമായി മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദർ സെവാഗ്, ഹർഭജൻ സിങ്, മുഹമ്മദ് കൈഫ്, ഇർഫാൻ പത്താൻ, മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡ്വെയ്ൽ സ്റ്റെയ്ൻ അടക്കമുള്ളവർ രംഗത്തെത്തി.

സഞ്ജുവിന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെയത്രയും കഴിവുണ്ടെന്നായിരുന്നു മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്‌നിന്റെ പ്രതികരണം. മികച്ച ഫോമിലുള്ള സഞ്ജു സാംസണെക്കുറിച്ച് നിങ്ങൾക്ക് അറിയില്ല. ഞാൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ടിട്ടുണ്ട്. മത്സരത്തിന്റെ അവസാന ഓവറുകളിൽ ഇഷ്ടം പോലെ ബൗണ്ടറികൾ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അവിശ്വസനീയമാണെന്നും സ്റ്റെയ്ൻ പറഞ്ഞു.

ഉന്നത നിലവാരത്തിലുള്ള ഇന്നിങ്സായിരുന്നു സഞ്ജുവിന്റേതെന്ന് മുൻ ഓപണർ വീരേന്ദർ സെവാഗ് അഭിപ്രായപ്പെട്ടു. സഞ്ജു ടീമിനെ വിജയത്തോളമെത്തിച്ചു എന്നായിരുന്നു മുൻ സ്പിന്നർ ഹർഭജൻ സിങ്ങിന്റെ പ്രതികരണം. നിങ്ങൾ അഭിനന്ദനം അർഹിക്കുന്നു എന്ന് മുഹമ്മദ് കൈഫും ട്വീറ്റു ചെയ്തു.

'സഞ്ജു സംസണിൽനിന്ന് നെഞ്ചുറപ്പുള്ളൊരു ശ്രമം. ഭാഗ്യമില്ലെങ്കിലും ഉന്നത നിലവാരത്തിലുള്ള ഇന്നിങ്സ്' - എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. 'സഞ്ജുവിൽനിന്ന് ടോപ് ക്ലാസ് ഇന്നിങ്സ്. മിക്കവാറും വിജയത്തിലെത്തിച്ചു. മുമ്പോട്ടുള്ള പോക്കിൽ ടീം ഇന്ത്യക്ക് ഭാവുകങ്ങൾ. നന്നായി കളിച്ചു' എന്നായിരുന്നു ഹർഭജന്റെ കുറിപ്പ്. 'സഞ്ജുവിൽ നിന്ന് ടോപ് ക്ലാസ്. ആക്രമണാത്മകം, ഹൃദയഹാരി, നിങ്ങൾ അഭിനന്ദനം അർഹിക്കുന്നു' എന്നാണ് മുഹമ്മദ് കൈഫ് കുറിച്ചത്.

ആദ്യ ഏകദിനത്തിൽ ഒമ്പത് റൺസിന് തോറ്റെങ്കിലും 63 പന്തിൽനിന്ന് 86 റൺസെടുത്ത സഞ്ജുവിന്റെ പ്രകടനം ഇന്ത്യയെ വിജയത്തിന്റെ വക്കോളമെത്തിച്ചിരുന്നു. ഒമ്പതു ഫോറും മൂന്നു സിക്സറും സഹിതമായിരുന്നു താരത്തിന്റെ ഇന്നിങ്സ്.നാൽപ്പതാം ഓവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ മുപ്പത് റൺസാണ് വേണ്ടിയിരുന്നത്. മൂന്നു ഫോറും ഒരു സിക്സുമായി സഞ്ജുവിന് 20 റൺസാണ് കണ്ടെത്താനായത്. 39-ാം ഓവറിൽ താരത്തിന് സ്ട്രൈക്ക് കണ്ടെത്താൻ കഴിയാതിരുന്നതാണ് ഇന്ത്യയ്ക്ക് വിനയായത്.

മഴ മൂലം 40 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 250 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഇന്ത്യയ്ക്ക് 240 റൺസേ എടുക്കാനായുള്ളൂ. സഞ്ജുവിന് പുറമേ, അർധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യർക്കും ഷാർദുൽ ഠാക്കൂറിനും മാത്രമേ ഇന്ത്യൻ നിരയിൽ തിളങ്ങാനായുള്ളൂ.

Related Tags :
Similar Posts