< Back
Cricket
പാകിസ്താനെതിരായ തോൽവി: മുഹമ്മദ് ഷമിക്ക് നേരെ സൈബർ അധിക്ഷേപം
Cricket

പാകിസ്താനെതിരായ തോൽവി: മുഹമ്മദ് ഷമിക്ക് നേരെ സൈബർ അധിക്ഷേപം

Web Desk
|
25 Oct 2021 1:30 PM IST

നിരവധി മോശം പരാമർശങ്ങളാണ് ഷമിക്ക് നേരെ സൈബർ ഇടങ്ങളിൽ ഉയർത്തുന്നത്. ഒരു മുസ്‌ലിം പാകിസ്താനോടൊപ്പം നിൽക്കുന്നു, എത്ര പണം കിട്ടി തുടങ്ങി അധിക്ഷേപിക്കുകയാണ് സോഷ്യൽ മീഡിയയിലുടനീളം.

ലോകകപ്പ് ടി20 മത്സരത്തിൽ പാകിസ്താനെതിരെ പത്ത് വിക്കറ്റിന് തോറ്റതിന് പിന്നാലെ ഇന്ത്യൻ ബൗളർ മുഹമ്മദ് ഷമിക്ക് നേരെ സൈബർ ഇടങ്ങളിൽ അധിക്ഷേപം. നിരവധി മോശം പരാമർശങ്ങളാണ് ഷമിക്ക് നേരെ സൈബർ ഇടങ്ങളിൽ ഉയർത്തുന്നത്. ഒരു മുസ്‌ലിം പാകിസ്താനോടൊപ്പം നിൽക്കുന്നു, എത്ര പണം കിട്ടി തുടങ്ങി അധിക്ഷേപിക്കുകയാണ് സോഷ്യൽ മീഡിയയിലുടനീളം.

അതേസമയം ഷമിക്ക് പിന്തുണയുമായി നിരവധി പേരും രംഗത്തുണ്ട്. ഒരു കളിക്കാരനെ മാത്രം കുറ്റംപറയരുത്, ജയത്തിലും തോൽവിയിലും കൂട്ടുത്തരവാദിത്വം കാണിക്കണമെന്നും ഇക്കൂട്ടർ ചൂണ്ടിക്കാണിക്കുന്നു. മത്സരത്തിൽ 3.5 ഓവർ എറിഞ്ഞ ഷമി 43 റൺസ് വിട്ടുകൊടുത്തിരുന്നു. ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് ലോകകപ്പ് മത്സരങ്ങളിലെ ആദ്യ ജയമാണ് ഇന്നലെ സ്വന്തമാക്കിയത്. പത്ത് വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും നടത്തിയ മികച്ച പ്രകടനമാണ് പാകിസ്താന് അനായാസ ജയം സമ്മാനിച്ചത്.

പാകിസ്താനായി ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്‌വാനും അർധസെഞ്ചുറി നേടി.ഇന്ത്യൻ ബോളിങ് നിരയിൽ ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 151 റൺസ് മാത്രമായിരുന്നു നേടാൻ സാധിച്ചത്. ഈ മാസം 31ന് ന്യൂസിലാൻഡുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ടീം ഘടനയിലുൾപ്പെടെ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

അതേസമയം പാക് ബൗളർ ഷഹീൻ അഫ്രീദിയുടെ പന്ത് തോളിൽ തട്ടിയതിനെ തുടർന്ന് ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യയെ സ്‌കാനിങ്ങിന് വിധേയനാക്കി. തോളിനേറ്റ ഈ പരിക്ക് കാരണം പാണ്ഡ്യ ഫീൽഡിങിന് ഇറങ്ങിയിരുന്നില്ല. പകരം ഇഷൻ കിഷനായിരുന്നു ഗ്രൗണ്ടിലെത്തിയത്. അതേസമയം പാണ്ഡ്യയുടെ സ്‌കാനിങ് റിസൾട്ടിനെക്കുറിച്ച് അറിവായിട്ടില്ല.

Similar Posts