< Back
Cricket
കോലിയുള്ള കാലത്തോളം ടെസ്റ്റ് ക്രിക്കറ്റ് നീണാൾ വാഴും- ഷെയ്ൻ വോൺ
Cricket

കോലിയുള്ള കാലത്തോളം ടെസ്റ്റ് ക്രിക്കറ്റ് നീണാൾ വാഴും- ഷെയ്ൻ വോൺ

Web Desk
|
8 Sept 2021 6:09 PM IST

'' പ്രിയപ്പെട്ട കോലി നിങ്ങൾ കുറേകാലം കൂടി ക്രിക്കറ്റ് മൈതാനത്ത് ഉണ്ടാകണം''

ഇംഗ്ലണ്ടിനെതിരേ ഓവലിൽ നേടിയ ഐതിഹാസിക വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിനും നായകൻ കോലിക്കും അഭിനന്ദനങ്ങളുമായി നിരവധി പേർ രംഗത്ത് വന്നിരുന്നു. ഇപ്പോളിതാ കോലിക്ക് പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ.

'' ഒരു നായകനെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച കാര്യം ടീം അദ്ദേഹത്തിൽ വിശ്വസിച്ച് അദ്ദേഹത്തിന് വേണ്ടി കളിക്കുക എന്നതാണ്. നിങ്ങൾ വിരാട് കോലിയെ ശ്രദ്ധിക്കുക- അദ്ദേഹത്തെ മറ്റുള്ള താരങ്ങൾ ബഹുമാനിക്കുന്നുണ്ട്. അദ്ദേഹത്തിന് പിന്നിൽ നിന്ന് അവർ ശക്തി പകരുന്നുമുണ്ട്.- ഇപ്പോൾ നമ്മുക്ക് എല്ലാവർക്കും കോലിയോട് നന്ദി പറയാൻ തോന്നുന്നുണ്ട്''- വോൺ പറഞ്ഞു.

'' കോലി ഇന്ത്യയെ നയിച്ചത് നോക്കൂ- അദ്ദേഹത്തെ അവർ വിശ്വസിക്കുന്നു, വിശ്വാസമെന്നത് ഒരു കായിക ഇനത്തെ സംബന്ധിച്ച് ഏറ്റവും മഹത്തായ കാര്യമാണ്. നിങ്ങൾ എത്ര നല്ല ടീമായാലും ക്യാപ്റ്റനിൽ വിശ്വാസമില്ലെങ്കിൽ നിങ്ങൾക്ക് ഒന്നും നേടാൻ സാധിക്കില്ല''

'' കോലിയും ഇന്ത്യൻ ടീമിലെ അംഗങ്ങളും തമ്മിലുള്ള വിശ്വാസം മികച്ചതാണ്. കോലിയുള്ള കാലത്തോളം ടെസ്റ്റ് ക്രിക്കറ്റും അതിന്റെ ഭംഗിയോടെ തന്നെ നിലനിൽക്കും, പ്രിയപ്പെട്ട കോലി നിങ്ങൾ കുറേകാലം കൂടി ക്രിക്കറ്റ് മൈതാനത്ത് ഉണ്ടാകണം''. ഷെയിൻ വോൺ കൂട്ടിച്ചേർത്തു.

വിദേശ പിച്ചുകളിലെ ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും വിജയകരമായ ഇന്ത്യൻ നായകൻ വിരാട് കോലിയാണ്. 15 ടെസ്റ്റുകളാണ് കോലിയുടെ നായക മികവിന് കീഴിൽ ഇന്ത്യ വിദേശ പിച്ചിൽ വിജയിച്ചത്.

നാലാം ടെസ്റ്റിൽ 157 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. രണ്ടാം ഇന്നിങ്സിലെ വിസ്മയകരമായ തിരിച്ചുവരവിലൂടെ ഇന്ത്യ ഉയർത്തിയ 368 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് നിര 210 റൺസിന് കൂടാരം കയറുകയായിരുന്നു.

ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം പതിപ്പാണ് ഇപ്പേൾ നടക്കുന്നത്. ആദ്യ ചാമ്പ്യൻഷിപ്പിൽ മികച്ച പോയിന്റോടെ ഇന്ത്യ ഫൈനൽ കളിച്ചെങ്കിലും ന്യൂസിലാൻഡിന് മുന്നിൽ വീഴുകയായിരുന്നു.

Similar Posts