
വിമർശകരെ വായടക്കൂ...ഇത് നിങ്ങൾക്കുള്ള ഷെഫാലിയുടെ കംബാക്ക് സ്റ്റേറ്റ്മെന്റ്
|ക്രിക്കറ്റിനെറ്റും സച്ചിനെയും ഭ്രാന്തമായി ആരാധിച്ചിരുന്ന കോടിക്കണക്കിന് ഇന്ത്യക്കാരിൽ ഒരാളാണ് ഹരിയാനക്കാരൻ സഞ്ജീവ് വർമ. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താനുള്ള ഓട്ടത്തിനിടെ ക്രിക്കറ്ററാവുക എന്ന സ്വന്തം ആഗ്രഹത്തിന് അയാൾ വിരാമമിട്ടപ്പോൾ തന്റെ മക്കളിലൂടെ ആ നേട്ടം നേടിയെടുക്കണമെന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചു. 2005 ൽ ദക്ഷിണാഫ്രിക്കയിലും 2017 ൽ ഇംഗ്ലണ്ടിലും പൊഴിച്ച കണ്ണീരിന് പകരം ഇന്നലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ വനിതകൾ കിരീടമുയർത്തുമ്പോൾ ആ അച്ഛന്റെ പ്രിയപ്പെട്ട മകൾ ആ സംഘത്തിലുണ്ടായിരുന്നു, ബാറ്റ് കൊണ്ടും ബോളുകൊണ്ടും ദക്ഷിണാഫ്രികക്ക് പ്രഹരമേല്പിച്ച ഒരു 21 കാരി. പേര് ഷെഫാലി വർമ.
വളരെ ചെറുപ്പത്തിൽ അച്ഛനോടൊപ്പം ക്രിക്കറ്റ് കണ്ട് തുടങ്ങിയ ഷെഫാലിയും അച്ഛനെ പോലെത്തന്നെ സച്ചിന്റെ ആരാധികയായി മാറി. എട്ടാം വയസിലാണ് ഷെഫാലി ക്രിക്കറ്റിലേക്ക് കാലെടുത്ത് വെക്കുന്നത്. ലോക്കൽ ഗ്രൗണ്ടിലെ നെറ്റ്സിലായിരുന്നു താരത്തിന്റെ പരിശീനം. ലെഗ് സ്പിന്നറായ ചേട്ടൻ സാഹിലും അച്ഛനുമായിരുന്നു ഷെഫാലി അന്ന് നേരിട്ട ആദ്യ ബോളർമാർ. ഇരുവരും മാറി മാറി എറിഞ്ഞ പന്തുകൾ അടിച്ചു പറത്തി ഷെഫാലി പതിയെ ക്രിക്കറ്റിനെ സ്നേഹിച്ച് തുടങ്ങി. 2013 ൽ ഹരിയാനിക്കെതിരെ രഞ്ജി കളിക്കാനെത്തിയ സച്ചിനെ കാണാൻ ചൗധരി ബൻസി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കാണികൾക്കിടയിൽ ഷെഫാലിയും പിതാവ് സഞ്ജീവ്‌മുണ്ടായിരുന്നു. തന്റെ ആരാധനാപാത്രത്തെ അന്ന് നേരിൽ കണ്ട ഷെഫാലി സച്ചിന്റെ ഓരോ റണ്ണിനും ആർത്ത് വിളിച്ചു, ക്രിക്കറ്റെന്നാൽ വെറുമൊരു കളിയായി മാത്രം കണ്ടിരുന്ന ഷെഫാലിയെന്ന ഒൻമ്പത് വയസുക്കാരിക്കുള്ളിൽ അന്നതൊരു വലിയൊരു മോഹമായി പടർന്നു. ഇനി ക്രിക്കറ്റ് ആണ് തന്റെ വഴിയെന്ന് അവൾ മനസിലുറപ്പിച്ചു. ആ ആഗ്രഹത്തിന് ഒപ്പം നിൽക്കാൻ പിതാവ് സഞ്ജീവും ഒരുക്കമായിരുന്നു.
സ്വന്തം നാടായ റോഹ്താക്കിലെ ശ്രീ റാം നാരായൺ ക്രിക്കറ്റ് അക്കാദമിയിൽ സഞ്ജീവ് ഷെഫാലിയുടെ അഡ്മിഷന് വേണ്ടി ചെന്നു, ക്രിക്കറ്റ് ആണുങ്ങളുടെ കളിയാണെന്നും അതുകൊണ്ട് മടങ്ങി പോവണമെന്നായിരുന്നു അക്കാദമിയുടെ മറുപടി. പക്ഷെ തങ്ങുളുടെ തീരുമാനത്തിൽ നിന്നും അണുവിട മാറിചിന്തിക്കാൻ അവർ രണ്ട് പേരും ഒരുക്കമല്ലായിരുന്നു. പിതാവിന്റെ നിർദ്ദേശ പ്രകാരം ഷെഫാലി തന്റെ മുടി മുറിച്ചു, സഹോദരൻ സാഹിലെന്ന വ്യാജേന അവൾ അതെ അക്കാദമിയിൽ അഡ്മിഷന് നേടി. അവൾ ഒരു പെൺ കുട്ടിയാണെന്ന് അവർ തിരിച്ചറിയുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു, എങ്കിലും ഒമ്പതാം വയസിൽ അവർ രണ്ട് പേരും കാണാൻ ഏതാണ്ട് ഒരുപോലെയായിരുന്നു. വർഷങ്ങൾക്കിപ്പുറം നൽകിയ അഭിമുഖത്തിൽ ആ സംഭവത്തെ പറ്റി പിതാവ് സഞ്ജീവ് ഇങ്ങനെ ഓർത്തെടുത്തു. ഷെഫാലി ക്രിക്കറ്റ് കളിക്കുന്നതിൽ നാട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം അതൃപ്തിയുണ്ടായിരുന്നു. ആണുങ്ങളുടെ കളി ഒരു പെൺകുട്ടി കളിക്കുന്നതിനെ അവർ പലപ്പോഴും കളിയാക്കി. പക്ഷെ അതിനുനൊന്നും ചെവി കൊടുക്കാതെ ഷെഫാലി ബാറ്റേന്തി, കാരണം അവൾക്കുള്ളിൽ അവൾ കണ്ട വലിയ സ്വപ്നങ്ങളുണ്ട്, അവളുടെ പിതാവിന്റെ കഠിനാദ്ധ്വാനമുണ്ട്, സച്ചിനെന്ന അവളുടെ ആരാധ്യ പുരുഷൻ നൽകിയ ആർജ്ജവമുണ്ട്. അസുഖം മൂലം സഹോദരൻ സാഹിൽ പുറത്തിരുന്ന ഒരു അണ്ടർ 12 ടൂർണമെന്റിൽ സാഹിലെന്ന വ്യാജേന്നെ ഷെഫാലി കളിക്കുകയും ടൂർണമെന്റിലെ താരമാവുവുകയും ചെയ്തിരുന്നു. അക്കാദമിയിലെ ഷെഫാലിയുടെ പ്രകടനത്തെ മുൻ പരിശീലകൻ അശ്വനി കുമാർ ഓർത്തെടുക്കുന്നതിങ്ങനെ ' ഇവിടെയെത്തുമ്പോൾ അവൾ വളരെ ചെറിയ കുട്ടിയായിരുന്നു, ആദ്യ നാളുകളിൽ ക്രിക്കറ്റിലെ ബേസിക് സ്റ്റാൻഡ്‌സ് ഞാൻ അവളെ പഠിപ്പിച്ചു, വളരെ പെട്ടന്ന് തന്നെ മികച്ച ഷോട്ടുകളും സ്ട്രോക്കുകളും അവൾ കളിച്ചു തുടങ്ങി, തന്നേക്കാൾ നാല് വയസിലേറെ മൂത്തവരോടൊപ്പവും അവൾ നന്നായി കളിച്ചു'
വുമൺസ് ടി20 ചലഞ്ചിൽ വെലോസിറ്റിക്കായി നടത്തിയ പ്രകടനമാണ് ഷെഫാലിക്ക് ദേശീയ ടീമിന്റെ വാതിൽ തുറക്കുന്നത്, 2019 ൽ ദക്ഷണാഫ്രിക്കക്കെതിരെ ടി20 മത്സരത്തിൽ അരങ്ങേറുമ്പോൾ ഷെഫാലിയുടെ പ്രായം വെറും 15 വയസായിരുന്നു, ടി20 യിൽ ഇന്ത്യക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഖ്യാതി അന്ന് ഷെഫാലി സ്വന്തം പേരിലാക്കി. തുടർന്ന് വിൻഡീസിനെതിരായ പരമ്പരയിൽ ഒരു അർധ സെഞ്ച്വറിയടക്കം 5 മത്സരങ്ങളിൽ നിന്ന് 158 റൺസ് നേടിയ ഷെഫാലി ആ പരമ്പരയിലെ മികച്ച താരവുമായി മാറി. 2020 ൽ ഷെഫാലിയെ തേടി ബിസിസിഐയുടെ സെൻട്രൽ കോൺട്രാക്ട് എത്തി. പിന്നാലെ ആസ്‌ട്രേലിയ വേദിയാവുന്ന വനിത ടി20 ലോകകപ്പിനുള്ള ടീമിലും താരം ഇടം പിടിച്ചു. അന്ന് ആതിഥേയരായ ഓസീസിന് മുന്നിൽ ഇന്ത്യ ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ഷെഫാലി ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥത്തെത്തി. 2021ലാണ് ഷെഫാലി ഏകദിന ടീമിലെത്തുന്നത്. ആദ്യ പന്തുമുതൽ അഗ്രസീവ് മോഡിൽ കളിക്കുന്നതാരത്തെ പലരും വീരേന്ദ്ര സെവാഗിന്റെ മെന്റാലിറ്റിയുമായി പോലും താരതമ്യം ചെയ്തു തുടങ്ങി. അതെ വർഷം ടെസ്റ്റ് ടീമിലേക്കും താരത്തിന് വിളിയെത്തി. വനിത ടെസ്റ്റ് ചരിത്രത്തിലെ വേഗതയേറിയ ഡബിൾ സെഞ്ച്വറി, മൂന്ന് ഫോർമാറ്റിലും ഇന്ത്യക്കായി അരങ്ങേറുന്ന പ്രായം കുറഞ്ഞ താരം, ടി20 യിൽ 1000 റൺ പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം റെക്കോർഡുകളിൽ നിന്ന് റെക്കോർഡുകളിലേക്ക് ഷെഫാലി തന്റെ ജൈത്രയാത്ര തുടർന്നു. അതിനെല്ലാം മുകളിൽ ക്യാപ്റ്റനായി കൊണ്ട് 2023 ലെ അണ്ടർ 19 ലോകകപ്പ് താരം ഇന്ത്യയിലെത്തിച്ചു.
ഇതിനിടെ ഷെഫാലിയെ തേടി തിരിച്ചടികളുടെ ഘോഷയാത്രയെത്തി. ഏകദിന ക്രിക്കറ്റിൽ ഒരു ഫിഫ്റ്റി പോലും നേടാനാവാതെ ഷെഫാലി മൂന്ന് വർഷങ്ങൾ തള്ളിനീക്കി. ഷെഫാലിയുടെ സെവാഗ് സ്റ്റൈൽ ബാറ്റിങ് അതോടെ വിമർശനത്തിന്റെ ആയുധമായി. പിന്നാലെ താരത്തിന് ഇന്ത്യൻ ടീമിൻ്റെ വാതിലുകൾ മുമ്പിൽ കൊട്ടിയടക്കപ്പെട്ടു. ഹൃദയാഘാതം മൂലം ആശുപത്രിയിൽ കിടക്കയിൽ കിടന്നിരുന്ന പിതാവിനെ ഷെഫാലിയതൊന്നും അറിയിച്ചില്ല. 2025 ൽ സ്വന്തം നാടൊരു ഏകദിന ലോകകപ്പിനൊരുങ്ങിയപ്പോൾ അവസാന 15 അംഗ സ്‌ക്വഡിൽ അവളുടെ പേരിലായിരുന്നു. പക്ഷെ സ്വപ്നതുല്യമായ ഒരു തുടക്കം ലഭിച്ച ഷെഫാലിയുടെ കരിയറിന് കാലം ഒരു നീതി കാത്തുവെച്ചിരുന്നു. ടൂർണമെന്റിലുടനീളം ഇന്ത്യയുടെ നട്ടെല്ലായ പ്രതീക റാവലിന് പരിക്കേൽക്കുന്നു, തുടർന്ന് സെമി ഫൈനലിന് മുന്നോടിയായി ഷെഫാലിയെ തേടി ലോകകപ്പ് ടീമിലേക്കുള്ള വിളിയെത്തുന്നു, ഓസീസിനെതിരായ സെമിയിൽ രണ്ട് ബൗണ്ടറിയൊക്കെ നേടിയെങ്കിലും പത്ത് റണ്ണിൽ നിൽക്കെ വിക്കറ്റിന് മുന്നിൽ കുരുങ്ങി മടങ്ങി, പക്ഷെ ഇന്ത്യൻ വനിത ക്രിക്കറ്റിന്റെ ചരിത്ര ഫൈനലിന്റെ താരമാകാനുള്ള നിയോഗം ഷെഫാലിയുടെ പേരിൽ ആദ്യമേ കുറിച്ചിരുന്നു. ഫൈനലിൽ ബാറ്റിംഗിനിറങ്ങി നേരിട്ട ആദ്യ പന്ത് അതിർത്തി കടത്തിയ ഷെഫാലി ഒരു സ്റ്റേറ്റ്മെന്റ് നടത്തി, തന്റെ ശൈലിയെ വിമർശിച്ചവർക്ക് മുന്നിൽ താൻ ഇവിടെത്തനെയുണ്ടെന്ന ഒരു ക്രിസ്റ്റൽ ക്ലിയർ സ്റ്റേറ്റ്മെന്റ്. 78 പന്തിൽ 7 ഫോറിന്റെയും 2 സിക്സിന്റെയും അകമ്പടിയിൽ 87 റൺ അടിച്ചെടുത്ത ഷെഫാലി മാരിസൺ കാപ്പിനെയും സൂൻ ലസിനേയും പുറത്താക്കി ഫൈനൽ സ്വന്തം പേരിൽ കുറിച്ചു. തന്റെ ആരാധ്യപുരുഷനായ സച്ചിൻ ടെണ്ടുൽക്കകറിനെ സാക്ഷിയാക്കി ഇന്ത്യയുടെ വിജയനായികയായ ഈ 21 കാരി അടുത്ത ഒരു ദശാബ്ദക്കാലം ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖമുദ്രയായി തുടരുമെന്ന് തീർച്ച.