< Back
Cricket
Only love for Hardik; Gill responds to handshake controversy
Cricket

'ഹാർദികിനോട് സ്‌നേഹം മാത്രം'; കൈകൊടുക്കൽ വിവാദത്തിൽ പ്രതികരിച്ച് ഗിൽ

Sports Desk
|
31 May 2025 6:39 PM IST

ഗുജറാത്ത്-മുംബൈ മത്സരത്തിലെ ടോസിന് ശേഷം ഹാർദികും ഗില്ലും പരസ്പരം ഹസ്തദാനം ചെയ്യാതെയാണ് മടങ്ങിയത്.

മൊഹാലി: മുംബൈ ഇന്ത്യൻസ്-ഗുജറാത്ത് ടൈറ്റൻസ് എലിമിനേറ്റർ മത്സരത്തിന് പിന്നാലെ ഇരു ടീമിലേയും ക്യാപ്റ്റൻമാരുടെ പെരുമാറ്റം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചക്ക് തുടക്കമിട്ടിരുന്നു. ടോസിനിടെ ശുഭ്മാൻ ഗില്ലും ഹാർദിക് പാണ്ഡ്യയും ഹസ്തദാനം ചെയ്യാതെ മന:പൂർവ്വം ഒഴിഞ്ഞുമാറിയ വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. ഗുജറാത്ത് ബാറ്റിങിൽ ഗില്ലിന്റെ വിക്കറ്റ് വീണപ്പോൾ, പതിവില്ലാത്തവിധം പാണ്ഡ്യ ആഘോഷമാക്കിയതും ഇരുതരും തമ്മിൽ കടുത്ത ഈഗോയാണെന്നുള്ള വാദത്തിന് ശക്തി പകർന്നു. എന്നാൽ ഹാർദികുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ കൂടിയായ ഗിൽ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് യുവ ഓപ്പണർ വിവാദങ്ങളോട് പ്രതികരിച്ചത്.

ഹാർദികിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് 'സ്‌നേഹമല്ലാതെ മറ്റൊന്നുമില്ല' എന്നാണ് ഗിൽ രേഖപ്പെടുത്തിയത്. ഇന്റർനെറ്റിൽ കാണുന്നതെല്ലാം വിശ്വസിക്കരുതെന്നും താരം കൂട്ടിചേർത്തു. ടോസിട്ടതിന് ശേഷം ഇരുക്യാപ്റ്റൻമാരും പരസ്പരം ഹസ്തദാനം ചെയ്യുന്നത് ഐപിഎല്ലിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ ഗില്ലും ഹാർദിക്കും കൈ കൊടുക്കാൻ തയ്യാറായില്ല. ഇരുതാരങ്ങളും മുഖംതിരിഞ്ഞ് നടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു

ഇരുവർക്കുമിടയിൽ ഈഗോ വാർ നടക്കുന്നുണ്ടെന്നാണ് നിരവധി പേർ കമന്റായി രേഖപ്പെടുത്തിയത്. നിർണായക എലിമിനേറ്ററിൽ ഗുജറാത്തിനെ 20 റൺസിന് തകർത്ത് മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയിരുന്നു

Similar Posts