< Back
Cricket
siraj
Cricket

തീക്കാറ്റായി സിറാജ്, പിന്തുണയുമായി ആകാശ് ദീപ്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 180 റൺസ് ലീഡ്

Sports Desk
|
4 July 2025 10:15 PM IST

ലണ്ടൻ: ഇംഗ്ലണ്ടിനെതിരെ എഡ്ജ് ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യക്ക് 180 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ഇംഗ്ലണ്ടിന്റെ അവസാന അഞ്ചുവിക്കറ്റുകൾ വെറും 20 റൺസിനുള്ളിൽ പിഴ​ുതെടുത്താണ് ഇന്ത്യ ലീഡ് സ്വന്തമാക്കിയത്. മുഹമ്മദ് സിറാജ് ആറ് വിക്കറ്റുമായി പേസ് പടയെ നയിച്ചപ്പോൾ നാല് വിക്കറ്റുമായി ആകാശ് ദീപ് അതിനൊത്ത പിന്തുണനൽകി.

മൂന്നിന് 77 എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് മൂന്നാം ദിനം ആദ്യം നഷ്ടമായത് ജോറൂട്ടിനെയാണ്. വിക്കറ്റിന് പിന്നിൽ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ആദ്യമധുരം നൽകിയത്. തൊട്ടുപിന്നാലെ റൺസെടുക്കും മുമ്പ് ബെൻസ്റ്റോക്സിനെയും പന്തിന്റെ കൈകളിലെത്തിച്ച് സിറാജ് കൊടുങ്കാറ്റായി മാറി.ഇംഗ്ലണ്ട് 84ന് അഞ്ച് എന്ന നിലയിലേക്ക് കൂപ്പുകുത്തി.

എന്നാൽ പിന്നീട് ക്രീസിൽ ക്രീസിൽ ഒത്തുചേർന്ന ഹാരി ബ്രൂക്കും (158) ജാമി സ്മിത്തും (184 നോട്ടൗട്ട്) ഇന്ത്യക്ക് വലിയ തലവേദനയാണ് നൽകിയത്. ഇരുവരുംചേർന്ന് ആറാംവിക്കറ്റിൽ 303 റൺസിന്റെ കൂട്ടുകെട്ടാണുയർത്തിയത്.

ഒടുവിൽ ഹാരി ബ്രൂക്കിനെ ക്ലീൻ ബൗൾഡാക്കി ആകാശ് ദീപാണ് മത്സര​ത്തിലേക്ക് ഇന്ത്യയെ മടക്കിക്കൊണ്ടുവന്നത്. വൈകാതെ ക്രിസ് വോക്സിനെ (5) പുറത്താക്കി ആകാശ് ദീപ് വീണ്ടും ഇന്ത്യയെ ഡ്രൈവിങ് സീറ്റിലെത്തിച്ചു. പിന്നീട് സിറാജിന്റെ ഊഴമായിരുന്നു. ബ്രണ്ടൻ കഴ്സ്, ജോഷ് ടങ്, ശുഐബ് ബഷീർ എന്നിവരെ പൂജ്യത്തിന് പുറത്താക്കി സിറാജ് ഇംഗ്ലണ്ടിന് നൽകിയത് കനത്ത ആഘാതം.

രണ്ടാം ഇന്നിങ്സിൽ പരാമധി റൺസെടുത്ത് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കാനാകും ഇന്ത്യൻ ശ്രമം. ആദ്യ ഇന്നിങ്സിൽ ഇന്ത്യ ശുഭ്മാൻ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെ കരുത്തിൽ 587 റൺസെന്ന കൂറ്റൻ സ്കോറാണ് കുറിച്ചിരുന്നത്

Similar Posts