< Back
Cricket
Smith denies single; Babar reacts angrily as he is dismissed - Video
Cricket

സിംഗിൾ നിഷേധിച്ച് സ്മിത്ത്; പുറത്തായി മടങ്ങവെ രോഷത്തോടെ പ്രതികരിച്ച് ബാബർ -വീഡിയോ

Sports Desk
|
17 Jan 2026 12:10 AM IST

11ാം ഓവറിലെ മൂന്ന് പന്തുകളിൽ പാക് താരത്തിന് റൺസ് നേടാനാവാതെ വന്നതോടെ അവസാന പന്തിൽ സ്മിത്ത് സിംഗിൾ നിഷേധിക്കുകയായിരുന്നു

സിഡ്‌നി: ബിഗ്ബാഷ് ലീഗിൽ പാകിസ്താൻ താരങ്ങളുടെ മെല്ലെപ്പോക്ക് കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിമർശനത്തിനാണ് ഇടയാക്കിയത്. ടി20 ക്രിക്കറ്റിൽ ടെസ്റ്റ് കളിക്കുന്നതായി സമൂഹമാധ്യമങ്ങളിടക്കം ട്രോളുകളും ഉയർന്നു. മെല്ലെപ്പോക്കിനെ തുടർന്ന് കഴിഞ്ഞ ദിവസം മുഹമ്മദ് റിസ്വാനെ ടീം റിട്ടയേർഡ് ഔട്ടായി തിരികെ വിളിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ബാബർ അസമിനാണ് കളത്തിൽ അപമാനം നേരിടേണ്ടിവന്നത്.

സിഡ്നി തണ്ടർ-സിഡ്നി സിക്സേഴ്സ് മത്സരത്തിനിടെയാണ് സംഭവം. 11-ാം ഓവറിലെ മൂന്ന് പന്തുകളിൽ സിംഗിളെടുക്കാൻ ബാബറിനായില്ല. ഇതോടെ അവസാന പന്തിൽ ലോങ്ഓണിലേക്ക് തട്ടിയിട്ട് സിംഗിളിനായി ബാബർ ശ്രമിച്ചെങ്കിലും സ്മിത്ത് നിഷേധിക്കുകയായിരുന്നു. പിച്ചിന് പാതിവരെ ഓടിയെത്തിയ പാക് താരം തിരിഞ്ഞ് ഓടുകയായിരുന്നു. ഓവറിന് ശേഷം എന്തുകൊണ്ട് ഓടിയില്ലെന്ന് ബാബർ സ്മിത്തിനോട് ചോദിക്കുന്നതായി ടിവി വീഡിയോകളിൽ വ്യക്തമാകുകയും ചെയ്തു.

അതേസമയം, തൊട്ടടുത്ത ഓവറിൽ സ്മിത്ത് തകർപ്പൻ ബാറ്റിങ് പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. നാല് സിക്സുകൾ ഉൾപ്പെടെ 32 റൺസാണ് അടിച്ചെടുത്തത്. തൊട്ടടുത്ത ഓവറിൽ വീണ്ടും ബാറ്റ് ചെയ്യാനെത്തിയ ബാബറാവട്ടെ നേരിട്ട ആദ്യ പന്തിൽ ബൗൾഡാവുകയും ചെയ്തു. ഇതോടെ പുറത്തായി മടങ്ങവെ തന്റെ ദേഷ്യം താരം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ബൗണ്ടറി ലൈനിലെ പരസ്യ ബോർഡുകൾ തട്ടിതെറിപ്പിച്ചാണ് പാക് താരം പവലിയനിലേക്ക് കയറി പോയത്. 39 പന്തിൽ 47 റൺസാണ് ബാബറിന്റെ സമ്പാദ്യം. മത്സരത്തിൽ 41 പന്തിൽ 100 റൺസ് നേടിയ സ്റ്റീവൻ സ്മിത്തിന്റെ ഇന്നിങ്‌സ് മികവിൽ സിക്സേഴ്സ് അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു.

നേരത്തെ ബാബറിന്റെ മോശം ഫീൽഡിങ് പ്രകടനത്തിൽ സ്മിത്ത് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. സിഡ്‌നി തണ്ടർ ഇന്നിങ്‌സിലെ 16ാം ഓവറിലായിരുന്നു നാടകീയ നിമിഷങ്ങളുണ്ടായത്. നിക് മാഡിൻസൺ സ്‌ട്രേറ്റ് അടിച്ച ഷോട്ട് തടുക്കാനായി ലോങ് ഓഫിൽ നിന്ന് സ്മിത്തും ലോങ് ഓണിൽ നിന്ന് ബാബറും പാഞ്ഞെത്തി. ബാബർ പന്തിലേക്ക് എത്തിയതോടെ സ്മിത്ത് പിൻമാറുകയായിരുന്നു. എന്നാൽ ബാബറിന് അത് തടയാനാവാതെ വന്നതോടെ പന്ത് ബൗണ്ടറി ലൈൻ കടന്നു. ഇതോടെയാണ് സ്മിത്ത് അതൃപ്തി പരസ്യമാക്കിയത്. തൊട്ടടുത്ത പന്തിലും സമാനമായി പന്ത് ലോങ് ഓണിലേക്ക് വന്നതോടെ ഇരുവരും വീണ്ടും ഓടിയെത്തി. എന്നാൽ ഇത്തവണ സ്മിത്ത് ഡൈവ് ചെയ്ത് പന്ത് കൈപിടിയിലൊതുക്കുകയായിരുന്നു. കമന്റേറ്റർ മാർക്ക് വോ ഈ സമയം ബാബർ വഴിയിൽ നിന്ന് മാറൂ എന്നാണ് പ്രതികരിച്ചത്.

Similar Posts