< Back
Cricket
ബാറ്റിങിനിടെ അശ്വിൻ പവലിയനിലേക്ക്: അന്തം വിട്ട് ഹെറ്റ്മയർ, അതൊരു തന്ത്രം
Cricket

ബാറ്റിങിനിടെ അശ്വിൻ പവലിയനിലേക്ക്: അന്തം വിട്ട് ഹെറ്റ്മയർ, 'അതൊരു തന്ത്രം'

Web Desk
|
11 April 2022 3:06 PM IST

67ന് നാല് എന്ന നിലയിൽ തകർന്ന രാജസ്ഥാനെ ഹെറ്റ്മയറും രവിചന്ദ്ര അശ്വിനും ചേർന്ന് കരകയറ്റുന്നതിനിടെയാണ് അവസാന ഓവറുകളിലേക്ക് എത്തിയപ്പോൾ അശ്വിൻ 'സ്വയം പുറത്തായത്'.

മുംബൈ: ഐ.പി.എൽ ചരിത്രത്തിൽ ആദ്യ റിട്ടയേർഡ് ഔട്ടായി രവിചന്ദ്ര അശ്വിൻ. രാജസ്ഥാൻ റോയൽസ് താരമായ അശ്വിൻ, ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തില്‍ ബാറ്റു ചെയ്യുന്നതിനിടെയാണ് അശ്വിൻ പവലിയനിലേക്ക് മടങ്ങിയത്. മത്സരത്തിൽ 23 പന്തിൽ നിന്ന് 28 റൺസ് അശ്വിൻ നേടിയിരുന്നു.

67ന് നാല് എന്ന നിലയിൽ തകർന്ന രാജസ്ഥാനെ ഹെറ്റ്മയറും രവിചന്ദ്ര അശ്വിനും ചേർന്ന് കരകയറ്റുന്നതിനിടെയാണ് അവസാന ഓവറുകളിലേക്ക് എത്തിയപ്പോൾ അശ്വിൻ 'സ്വയം പുറത്തായത്'. അശ്വിൻ റിട്ടയേർഡ് ഔട്ടാകുമ്പോൾ ആ സമയത്ത് സ്‌ട്രൈക്കിങ് എൻഡിലുണ്ടായിരുന്ന ഹെറ്റ്മയർ അറിഞ്ഞിരുന്നില്ല എന്നതാണ് ഏറെ കൗതുകകരം. എന്നാൽ അതൊരു തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.

അവസാന ഓവറുകളിൽ തകർത്തടിക്കാൻ കഴിവുള്ള റിയാൻ പരാഗിന് അവസരം നൽകാനായിരുന്നു അശ്വിൻ റിട്ടയേർഡ് ചെയ്തത്. 18.3ാം ഓവറിലാണ് അശ്വിൻ പവലിയനിലേക്ക് മടങ്ങിയത്. പിന്നാലെ എത്തിയ പരാഗിന് വമ്പൻ പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിലും ഒരു സിക്‌സർ നേടി. 4 പന്തിൽ നിന്ന് എട്ട് റൺസ് നേടിയ പരാഗ് പുറത്താക്കുകയും ചെയ്തു. മത്സരത്തിൽ മൂന്ന് റൺസിനായിരുന്നു രാജസ്ഥാൻ റോയൽസിന്റെ ജയം. ജയത്തില്‍ ആ സിക്സര്‍ പങ്കുവഹിച്ചുവെന്ന് വ്യക്തം. ഹെറ്റ്മയറും ഇക്കാര്യം സൂചിപ്പിക്കുകയുണ്ടായി.

'എനിക്ക് അശ്വിന്റെ വിരമിക്കൽ തീരുമാനത്തെക്കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല. അശ്വിൻ ആ സമയത്ത് അൽപം തളർന്നിരുന്നു. എന്നാൽ ശേഷം വന്ന പരാഗ് ഞങ്ങൾക്ക് വേണ്ടി ഒരു സിക്‌സർ പായിച്ചതിൽ ഇതൊരു നല്ല തീരുമാനമായിരുന്നുവെന്ന് വേണം മനസിലാക്കാൻ'-മത്സര ശേഷം ഹെറ്റ്മയർ പറഞ്ഞു.

ഐ.പി.എൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു ബാറ്റര്‍ റിട്ടയേർഡ് ഔട്ടാകുന്നത്. എന്നാൽ മുൻതാരങ്ങളടക്കം നിരവധി പേരാണ് അശ്വിന്റെ നീക്കത്തിന് കയ്യടിക്കുന്നത്. ഇനിയും ഏറെ ഇത്തരം റിട്ടയേർഡ് ഔട്ടുകൾക്ക് ക്രിക്കറ്റ് മത്സരം സാക്ഷിയാകുമെന്നും തുടങ്ങാൻ വൈകി എന്ന് മാത്രമെ ഇതുസംബന്ധിച്ച് പറയാനുള്ളൂവെന്നും വെസ്റ്റ്ഇൻഡീസ് ഇതിഹാസം ഇയാൻ ബിഷപ്പ് പറഞ്ഞു. അശ്വിന്റെ നീക്കത്തിൽ മുൻഇന്ത്യൻ താരം മുഹമ്മദ് ഇർഫാനും അഭിനന്ദനവുമായി രംഗത്ത് എത്തി.

summary; Story Behind Ravichandra Aswin Retired Out Durig Match Against Luknow Super Gianst

Related Tags :
Similar Posts