
ഗോളടിച്ച് അർജന്റൈൻ താരം സോസ; സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റിന് ജയം, 1-0
|ജയത്തോടെ കാലിക്കറ്റ് പോയന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി
കോഴിക്കോട്: സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്‌സിക്ക് ജയം. സ്വന്തം തട്ടകമായ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ ഒരുഗോളിനാണ് തോൽപ്പിച്ചത്. ആദ്യപകുതിയിൽ അലക്‌സിസ് സോസ(13) നേടിയ ഗോളിനാണ് കാലിക്കറ്റ് എഫ്‌സി വിജയം പിടിച്ചത്. ജയത്തോടെ അഞ്ച് കളികളിൽ എട്ട് പോയന്റുള്ള കാലിക്കറ്റ് എഫ്‌സി പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. കൊമ്പൻസ് അഞ്ചാം സ്ഥാനത്തേക്ക് വീണു.
ആക്രമണവും പ്രത്യാക്രമണവും കണ്ട ആദ്യപകുതിയുടെ പതിമൂന്നാം മിനിറ്റിലാണ് കളിയുടെ വിധിയെഴുതിയ ഗോൾ പിറന്നത്. കാലിക്കറ്റ് ക്യാപ്റ്റൻ പ്രശാന്ത് എടുത്ത കോർണർ കിക്ക് കൃത്യം ഹെഡ് ചെയ്ത് അർജന്റൈൻ താരം അലക്‌സിസ് സോസ വലയിലെത്തിച്ചു(1-0). തുടർന്ന് നിരന്തരം ആക്രമണങ്ങൾ കണ്ട ആദ്യപകുതിയിൽ കൊമ്പൻസിന് ലക്ഷ്യബോധത്തോടെ മുന്നേറാനായില്ല. 36ാം മിനിറ്റിൽ പ്രശാന്തിന്റെ കോർണറിൽ പരേരയുടെ ഹെഡർ ചെറിയ വ്യത്യാസത്തിൽ പുറത്തേക്ക് മൂളിപറന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ശരീഫ് ഖാൻ, റിനാൻ അർജാവോ എന്നിവരെ എത്തിച്ച കൊമ്പൻസ് ആക്രമണത്തിന് മൂർച്ചകൂട്ടി. പക്ഷെ ഗോൾ നേടാൻ കഴിഞ്ഞില്ല. അഞ്ചാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ നവംബർ 4ന് ഫോഴ്സ കൊച്ചി എഫ്‌സി മലപ്പുറം എഫ്‌സിയെ നേരിടും. എറണാകുളം മഹാരാജസ് സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് കിക്കോഫ്.