
സഞ്ജു പ്ലെയിങ് ഇലവനിലുണ്ടാകുമോ?; സൂര്യകുമാർ യാദവിന്റെ മറുപടി ഇങ്ങനെ
|ഏഷ്യാകപ്പിൽ നാളെ യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം
ദുബൈ: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നാളെ യുഎഇയെ നേരിടാനൊരുങ്ങുകയാണ്. പ്ലെയിങ് ഇലവനിൽ ആരെല്ലാം സ്ഥാനംപിടിക്കുമെന്ന ചോദ്യം സമൂഹ മാധ്യമങ്ങളിലടക്കം ഇതിനകം ചർച്ചയായികഴിഞ്ഞു. ഒടുവിൽ ഈ ചോദ്യം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് മുന്നിലുമെത്തി. എന്നാൽ ഈ ചോദ്യത്തിന് രസകരമായാണ് താരം മറുപടി നൽകിയത്.
ഏഷ്യാകപ്പിന് മുന്നോടിടായി ക്യാപ്റ്റൻമാരുടെ പ്രസ്മീറ്റിലായിരുന്നു സഞ്ജു ടീമിലുണ്ടാകുമോയെന്ന ചോദ്യം മാധ്യമപ്രവർത്തകർ ഉയർത്തിയത്. ഇതിന് സ്‌കൈ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. 'അവനെ ഞങ്ങൾ നല്ലരീതിയിൽ പരിപാലിക്കുന്നുണ്ട്. നിങ്ങൾ വിഷമിക്കേണ്ട. മികച്ച തീരുമാനം നാളെയെടുക്കും'. പ്ലെയിങ് ഇലവൻ നിങ്ങൾക്ക് ടെക്സ്റ്റ് മെസേജ് ചെയ്യാമെന്നും സൂര്യ കൂട്ടിചേർത്തു.
ഇന്ത്യയുടെ പരിശീലന സെഷനിൽ സഞ്ജുവിന് അവസരം ലഭിക്കാതിരുന്ന സാഹചര്യത്തിൽ മലയാളി താരം ടീമിലുണ്ടാകില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയാണ് കൂടുതൽ സമയം പരിശീലനം നടത്തിയത്. ഓപ്പണിങ് റോളിലേക്ക് ശുഭ്മാൻ ഗിൽ മടങ്ങിയെത്തുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആദ്യ മത്സരത്തിലെ എതിരാളികളായ യുഎഇ ടീമിനെ ചെറുതായി കാണുന്നില്ലെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. സമീപകാലങ്ങളിൽ അവർ മികച്ച ക്രിക്കറ്റാണ് കളിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. നാളെ രാത്രി 8മണിക്ക് ദുബൈ ഇന്റർ നാഷണൽ സ്റ്റേഡിയത്തിലാണ് ഇന്ത്യ-യുഎഇ മത്സരം.