< Back
Cricket
ട്വന്റി 20 ലോകകപ്പ്: ഓസീസ് വരുന്നു, സമ്പൂർണ്ണരാകാൻ
Cricket

ട്വന്റി 20 ലോകകപ്പ്: ഓസീസ് വരുന്നു, സമ്പൂർണ്ണരാകാൻ

Sports Desk
|
1 Jun 2024 3:46 PM IST

2023 ജൂണിൽ ലണ്ടനിലെ ഓവലിൽ വെച്ച് ഇന്ത്യയെ തകർത്ത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം, ഏതാനും മാസങ്ങൾക്ക് ശേഷ​ം കോടിക്കണക്കിന് ഇന്ത്യക്കാരുടെ കണ്ണീരുകൾ ബാക്കിയാക്കി ഏകദിന ​ലോകകപ്പിൽ ആറാം മുത്തം. ഇക്കുറി ആസ്ട്രേലിയ അമേരിക്കയിലേക്ക് പറന്നെത്തിയിരിക്കുന്നത് വലിയ പ്രതീക്ഷകളുമായാണ്. ട്വന്റി 20 കിരീടത്തിൽ കൂടി ചുംബിക്കാനായാൽ ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും ഒരേസമയം ലോകജേതാക്കളെന്ന അത്യപൂർവ്വ റെക്കോർഡാണ് ഓസീസിനെ കാത്തിരിക്കുന്നത്.

സത്യത്തിൽ ഏകദിന ലോകകപ്പുമായി തട്ടിച്ചുനോക്കുമ്പോൾ ട്വന്റി 20 ലോകകപ്പുകളിൽ അത്ര മികച്ച റെക്കോർഡുകൾ ആസ്ട്രേലിയക്കില്ല. ഒൻപത് ട്വന്റി 20 ലോകകപ്പുകളിലും കളിച്ച ഓസീസ് ഒരുതവണ 2021ൽ മാ​ത്രമാണ് ചാമ്പ്യൻമാരായത്. 2010ൽ ഫൈനലിലുമെത്തി. എന്നാൽ ഇക്കുറി ഓസീസ് എത്തുന്നത് അതിശക്തമായ ലൈനപ്പുമായാണ്. പാറ്റ് കമ്മിൻസ് ഉണ്ടായിരിക്കേത്തന്നെ ടീമിനെ നയിക്കേണ്ട ചുമതല മിച്ചൽ മാർഷിനാണ്. 2010ൽ അണ്ടർ 19 ലോകകപ്പിൽ ഓസീസിനെ കിരീടം ചൂടിച്ച മാർഷ് തനിക്ക് ക്യാപ്റ്റൻ പണിയറിയാമെന്ന് തെളിയിച്ചയാളാണ്.

ടീം ലൈനപ്പിലേക്ക് വന്നാൽ എല്ലാ പൊസിഷനുകളിലും ലേ​ാകോത്തര താരങ്ങളാണ് അണിനിരക്കുന്നത്. ഓപ്പണിങ്ങിൽ ​വെറ്ററൻ താരം ഡേവിഡ് വാർണർ. ഒരുപക്ഷേ തന്റെ അവസാന ഐസിസി ടൂർണമെന്റിനിറങ്ങുന്ന വാർണറിൽ ഓസീസിന് പ്രതീക്ഷകൾ ഇനിയും അവസാനിച്ചിട്ടില്ല. കൂട്ടായെത്തുക മികച്ച ഫോമിലുള്ള വെടിക്കെട്ട് ബാറ്റർ ട്രാവിസ് ഹെഡ്. നിർണായകമായ വൺഡൗൺ പൊസിഷനിൽ മിച്ചൽ മാർഷാകും എത്തുക. 2021 ലോകകപ്പ് ഫൈനലിൽ മൂന്നാമനായിറങ്ങിയ മാർഷാണ് ആസ്ട്രേലിയക്ക് കിരീടം ഉറപ്പിച്ചുനൽകിയത്.

തൊട്ടുപിന്നാലെയെത്തുക ​െഗ്ലൻ മാക്സ് വെൽ. ​ഐപിഎല്ലിൽ മോശം ഫോമിലായിരുന്നുവെങ്കിലും മാക്സ്വെല്ലിന്റെ പ്രഹരശേഷി സ്പിന്നിനെതിരെയുള്ള മിടുക്കും ലോകം പലകുറി കണ്ടതാണ്. അടുത്തതായി മാർക്കസ് സ്റ്റോയ്നിസ് എത്താനാണ് സാധ്യത. അതല്ലെങ്കിൽ കാമറൂൺ ഗ്രീൻ. രണ്ടുപേരും ഒരുപോലെ മികച്ചവർ. ഇന്നിങ്സ് ഫിനിഷ് ചെയ്യേണ്ട ചുമതല ടീം ഡേവിഡിനായിരിക്കും. കൂടെ വിക്കറ്റ് കീപ്പറായി മാത്യൂ വെയ്ഡോ ജോഷ് ഇംഗ്‍ലിഷോ കൂടി ചേരുന്നതോടെ ബാറ്റിങ് അതിശക്തമാകുന്നു. സാഹചര്യങ്ങൾക്കും എതിരാളികൾക്കും അനുസരിച്ച് ബാറ്റിങ് ലൈനപ്പിൽ ഷഫ്ളിങ്ങിനും സാധ്യതയുണ്ട്.

പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ഹേസൽ വുഡ് എന്നീ ഫയർ ബ്രാൻഡുകൾ അണിനിരക്കുന്ന പേസ് ഡിപ്പാർട്മെന്റ് കരുത്തുറ്റതാണ്. സ്പിന്നിനെ തുണക്കുമെന്ന് കരുതുന്ന പിച്ചുകളിൽ സ്പിൻ ഡിപ്പാർട്മെന്റിനെ നയിക്കുക ആദം സാമ്പയായിരിക്കും.

ഓസീസ് ടീമിനെ ഏറ്റവും ശക്തമാക്കുന്നത് അവരുടെ ഓൾറൗണ്ട് എബിലിറ്റിയാണ്. മാർഷും സ്റ്റോയ്നിസും മാക്സ്വെല്ലും ഗ്രീനും ബാറ്റിങ്ങിനൊപ്പം തന്നെ നന്നായി പന്തെറിയുന്നവരുമാണ്. ബൗളർമാരായ കമ്മിൻസിനും സ്റ്റാർക്കിനും ബാറ്റുചെയ്യാനുമറിയാം. അഥവാ ടീമിലെ 9 പേർക്കും ബാറ്റുചെയ്യാനറിയാമെന്ന് ചുരുക്കം. അഗ്രസീവ് ബാറ്റിങ് തന്നെയാണ് ഓസീസ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. ക്ലാസ് ബാറ്ററായ സ്റ്റീവ് സ്മിത്തിനെയടക്കം പുറത്തിരുത്തിയതും ​അതു​കൊണ്ടാണ്. കൂടാതെ കളിക്കൊപ്പം തന്നെ ടൂർണമെന്റുകൾ വിജയിക്കാനുള്ള ഓസീസ് ​സ്​പെഷ്യൽ കോൺഫിഡൻസും കൂടി ചേരുമ്പോൾ അവർ ടൂർണമെന്റിലെ ഫേവറിറ്റുകളാകുന്നു.

Similar Posts