< Back
Cricket
ഗ്ലെന്‍ ഫിലിപ്‍സിന്‍റെ പോരാട്ടം പാഴായി; ന്യൂസിലന്‍റിന് തോല്‍വി
Cricket

ഗ്ലെന്‍ ഫിലിപ്‍സിന്‍റെ പോരാട്ടം പാഴായി; ന്യൂസിലന്‍റിന് തോല്‍വി

Web Desk
|
1 Nov 2022 5:02 PM IST

അർധ സെഞ്ച്വറിയുമായി ഗ്ലെന്‍ ഫിലിപ്‌സും 40 റൺസുമായി ക്യാപ്റ്റൻ കെയിൻ വില്യംസണും പൊരുതി നോക്കിയെങ്കിലും ന്യൂസിലന്‍റിനെ വിജയ തീരമണക്കാനായില്ല

ബ്രിസ്ബണ്‍: ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍റിന് തോൽവി. 20 റൺസിനാണ് ഇംഗ്ലണ്ട് കിവീസിനെ തകർത്തത്. ഇംഗ്ലണ്ട് ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലന്‍റിന് 159 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. അർധ സെഞ്ച്വറിയുമായി ഗ്ലെന്‍ ഫിലിപ്‌സും 40 റൺസുമായി ക്യാപ്റ്റൻ കെയിൻ വില്യംസണും പൊരുതി നോക്കിയെങ്കിലും ന്യൂസിലന്‍റിനെ വിജയ തീരമണക്കാനായില്ല. ഫിലിപ്‌സ് 36 പന്തിൽ 62 റൺസെടുത്തു. ഇംഗ്ലണ്ടിനായി സാം കറനും ക്രിസ് വോക്സ‍ും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തേ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് നായകന്‍റെ തീരുമാനം ശരി വക്കും വിധമായിരുന്നു ഓപ്പണര്‍മാരുടെ പ്രകടനം. അർധ സെഞ്ച്വറികളുമായി ജോസ് ബട്‌ലറും അലെക്‌സ് ഹെയ്ൽസും തകർത്തടിച്ചതോടെ ഇംഗ്ലണ്ട് മികച്ച സ്‌കോർ കണ്ടെത്തി. ജോസ് ബട്‌ലർ 47 പന്തിൽ രണ്ട് സിക്‌സുകളുടേയും ഏഴ് ഫോറുകളുടേയും അകമ്പടിയിൽ 73 റൺസെടുത്തു. 40 പന്തിൽ നിന്നാണ് അലെക്‌സ് ഹെയ്ൽസ് അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ന്യൂസിലന്‍റിനായി ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ട്രെന്‍റ് ബോൾട്ട് ഒഴികെ മറ്റെല്ലാ ബോളർമാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി..

ഒന്നാം വിക്കറ്റില്‍ ബട്‍ലറും ഹെയ്ല്‍സും ചേര്‍ന്ന് 81 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. പതിനൊന്നാം ഓവറില്‍ അര്‍ധ സെഞ്ച്വറിക്ക് പിറകേ ഹെയ്ല്‍സ് വീണു. അഞ്ച് റണ്‍സ് മാത്രമെടുത്ത മുഈന്‍ അലി പതിമൂന്നാം ഓവറില്‍ കൂടാരം കയറി. പിന്നീടെത്തിയ ലിയാം ലിവിങ്സറ്റണൊപ്പം ചേര്‍ന്ന് ബട്‍ലര്‍ സ്കോര്‍ ബോര്‍ഡ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 20 റണ്‍സെടുത്ത ലിവിങ്സ്റ്റണെ പതിനേഴാം ഓവറില്‍ നഷ്ടമായി. പിന്നീടെത്തിയ ബാറ്റര്‍മാര്‍ക്കൊന്നും കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല..ഹാരി ബ്രൂക് ഏഴ് റണ്‍സും ബെന്‍ സ്റ്റോക്സ് എട്ട് റണ്‍സുമെടുത്ത് പുറത്തായി..

Similar Posts