< Back
Cricket
ഉറപ്പിച്ചു: ടി20 ലോകകപ്പ് യുഎഇയിൽ തന്നെ, തിയതി ഐ.സി.സി പ്രഖ്യാപിക്കും
Cricket

ഉറപ്പിച്ചു: ടി20 ലോകകപ്പ് യുഎഇയിൽ തന്നെ, തിയതി ഐ.സി.സി പ്രഖ്യാപിക്കും

Web Desk
|
28 Jun 2021 4:48 PM IST

ഇന്ത്യയിൽ കോവിഡ് രോഗവ്യാപനം ശക്തമായി നിലനിൽക്കുന്നതിനാലാണ് ടൂർണമെന്റ് യുഎഇയിലേക്ക് മാറ്റാൻ ധാരണയായത്

ടി20 ലോകകപ്പ് യുഎഇയിൽ നടക്കുമെന്ന് ബി.സി.സി.ഐ. ഇതു സംബന്ധിച്ച് തത്ത്വത്തിൽ തീരുമാനിച്ചതായും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലുമായി ആശയവിനിമയം നടത്തുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജൂൺ 28നകം അറിയിക്കാന്‍ ഐസിസി കഴിഞ്ഞ ബോർഡ് മീറ്റിംഗിൽ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിൽ കോവിഡ് രോഗവ്യാപനം ശക്തമായി നിലനിൽക്കുന്നതിനാലാണ് ടൂർണമെന്റ് യുഎഇയിലേക്ക് മാറ്റാൻ ധാരണയായത്. ഇക്കാര്യത്തെ സംബന്ധിച്ച് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ബിസിസിഐയുടെ ഔദ്യോഗിക പ്രതികരണം വന്നത് ഇപ്പോഴാണ്. നേരത്തെ ഐപിഎലും യുഎഇയിലേക്ക് മാറ്റാൻ തീരുമാനമായിരുന്നു.

ഒക്ടോബർ 18 മുതൽ നവംബർ 15 വരെയായിരുന്നു ആദ്യം ലോകകപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. തിയതി സംബന്ധിച്ച് വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍‌. ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്. ലോകകപ്പ് ഇന്ത്യക്ക് പുറത്ത് യുഎഇയിലാണ് നടക്കുന്നതെങ്കിലും ടൂർണമെന്റിന്റെ നടത്തിപ്പ് അവകാശം ബിസിസിഐക്ക് തന്നെയായിരിക്കും.

Similar Posts