< Back
Cricket
ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ കളിക്കാതെ ഇന്ത്യക്ക് ഫൈനലിലെത്താം; ഇതാണ് കാരണം
Cricket

ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ കളിക്കാതെ ഇന്ത്യക്ക് ഫൈനലിലെത്താം; ഇതാണ് കാരണം

Sports Desk
|
26 Jun 2024 6:57 PM IST

മത്സരം നടക്കേണ്ട പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ മഴഭീഷണിയുണ്ടെന്നാണ് റിപ്പോർട്ടുകൾ

ഗയാന: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനൽ നാളെ നടക്കാനിരിക്കെ ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് പുറത്തുവരുന്നത്. മത്സരം നടക്കേണ്ട പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ മഴഭീഷണിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നാളെ രാത്രി എട്ട് മണിക്കാണ് ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം. മത്സരത്തിന് റിസർവ്വ് ഡേയുമില്ല. 70 ശതമാനവും മഴപെയ്യുമെന്നാണ് റിപ്പോർട്ട്. ഇതോടെ മഴ രസംകൊല്ലിയായെത്തിയാൽ ആരാകും ഫൈനലിലേക്ക് ടിക്കറ്റെടുക്കുക.

ഐ.സി.സി നിയമ പ്രകാരം സൂപ്പർ എയ്റ്റ് ഘട്ടത്തിൽ മുന്നിൽ നിൽക്കുന്ന ടീമിനാണ് അവസരം. ഇതുപ്രകാരം ഇന്ത്യക്ക് ഫൈനലിലേക്ക് മുന്നേറാം. ഇംഗ്ലണ്ട് സൂപ്പർ എയ്റ്റിൽ രണ്ടാം സ്ഥാനക്കാരായാണ് സെമി ബെർത്തുറപ്പിച്ചത്. സമാനമാണ് മറ്റൊരു സെമിയിലേയും അവസ്ഥ. മഴ കളിമുടക്കിയാൽ അഫ്ഗാനായിരിക്കും ഇവിടെ നഷ്ടം. ഗ്രൂപ്പ് ചാമ്പ്യൻമാരായത് ദക്ഷിണാഫ്രിക്കക്ക് അനുകൂലമാകും.

വരുന്ന ഒരാഴ്ച ഗയാനയിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. എന്നാൽ ഓവർ വെട്ടിചുരുക്കിയെങ്കിലും കളി നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട് ടീം മാനേജ്‌മെന്റ്. റിസർവ്വ് ഡേ ഇല്ലാത്തതിനാൽ അന്നു തന്നെ വിജയികളെ തീരുമാനിക്കും. ഈ ലോകകപ്പിൽ സ്‌കോട്ട്‌ലൻഡിനെതിരായ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. തൊട്ടടുത്ത മാച്ചിൽ ഓസീസിനോട് തോൽവി വഴങ്ങുകയും ചെയ്തു. എന്നാൽ ഒമാനെയും നമീബിയയേും തോൽപിച്ച് സൂപ്പർ എയ്റ്റിൽ കയറി.

ആതിഥേയരായ വെസ്റ്റിൻഡീസിനെ തോൽപിച്ച് തുടങ്ങി. എന്നാൽ ദക്ഷിണാഫ്രിക്കക്ക് മുന്നിൽ വീണു. നിർണായക മാച്ചിൽ അമേരിക്കൻ ഭീഷണി മറികടന്ന് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി സെമിയിലേക്ക്. ഇംഗ്ലണ്ടും ഇന്ത്യയും നേർക്കുനേർ വരുമ്പോൾ നിലവിലെ ഫോംവെച്ച് ഇന്ത്യക്കാണ് സാധ്യത കൂടുതൽ. ഓപ്പണിങിൽ വിരാട് കോഹ്‌ലി ഫോമിലേക്കുയരാത്തത് തിരിച്ചടിയാണെങ്കിലും രോഹിത് ശർമ ഉൾപ്പെടെ മറ്റുബാറ്റർമാരെല്ലാം മികച്ച പ്രകടനം നടത്തുന്നത് ആശ്വാസമാകുന്നു.

Similar Posts