< Back
Cricket
അശ്ലീല സന്ദേശം പുറത്തായി; ടിം പെയ്ൻ ഓസ്ട്രേലിയൻ നായകസ്ഥാനം രാജിവെച്ചു
Cricket

അശ്ലീല സന്ദേശം പുറത്തായി; ടിം പെയ്ൻ ഓസ്ട്രേലിയൻ നായകസ്ഥാനം രാജിവെച്ചു

Web Desk
|
19 Nov 2021 10:59 AM IST

2017 നവംബർ 23-ന് ബ്രിസ്‌ബെയ്‌നിലെ ആദ്യ ആഷസ് ടെസ്റ്റിന്റെ രാവിലെയും തലേന്നു വൈകുന്നേരവുമാണ് പെയ്‌നെ സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശങ്ങളയച്ചത്.

മുൻ സഹപ്രവർത്തകയ്ക്കയച്ച അശ്ലീല സന്ദേശങ്ങൾ ചില മാധ്യമങ്ങൾ പുറത്തുവിട്ടതിനു പിന്നാലെ ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ടിം പെയ്ൻ രാജിവെച്ചു. നാലു വർഷം മുമ്പ് ടീമിന്റെ സപ്പോർട്ട് സ്റ്റാഫ് ആയിരുന്ന വനിതയുമായുള്ള ടെക്സ്റ്റ് സന്ദേശങ്ങൾ പുറത്തായതോടെയാണ് 36-കാരായ പെയ്ൻ രാജി പ്രഖ്യാപിച്ചത്. ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്നും, എന്നാൽ തന്നെയും കുടുംബത്തെയും ക്രിക്കറ്റിനെയും സംബന്ധിച്ച് ഇത് ശരിയാണെന്നും വാർത്താസമ്മേളനത്തിൽ രാജി പ്രഖ്യാപിച്ചു കൊണ്ട് പെയ്ൻ പറഞ്ഞു.

'നാലു വർഷം മുമ്പ്, അന്നത്തെ ഒരു സഹപ്രവർത്തകയ്ക്ക് ടെക്സ്റ്റ് മെസേജ് അയച്ച സംഭവമാണ് ഈ തീരുമാനത്തിന്റെ പശ്ചാത്തലം. ആ സമയത്ത്, ആ സംഭവത്തെപ്പറ്റി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇന്റഗ്രിറ്റി യൂണിറ്റ് അന്വേഷണം നടത്തുകയും ഉടനീളം ഞാൻ സഹകരിക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റ് ടാസ്മാനിയ എച്ച്.ആർ അന്വേഷണത്തിൽ ഞാൻ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്. കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ആ സംഭവത്തിൽ എനിക്ക് അഗാധമായ ഖേദം അന്നും ഇപ്പോഴുമുണ്ട്.'

'ആ സമയത്ത് ഞാൻ ഭാര്യയുമായും കുടുംബത്തോടും സംസാരിച്ചിരുന്നു. അവരുടെ മാപ്പിനും പിന്തുണക്കും ഏറെ നന്ദിയുമുണ്ട്. ആ സംഭവം കഴിഞ്ഞുപോയെന്നും ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നുമാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ, ഈയിടെയാണ് ആ സ്വകാര്യ സന്ദേശങ്ങൾ പരസ്യമാവാൻ പോവുകയാണെന്ന വിവരം ലഭിച്ചത്. 2017-ലെ എന്റെ നടപടി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ക്യാപ്ടനോ പൊതുസമുഹത്തിനോ യോജിച്ചതായിരുന്നില്ല. എന്റെ ഭാര്യയ്ക്കും കുടുംബത്തിനും അതുകാരണമായുണ്ടായ വേദനയിൽ എനിക്ക് അതിയായ ഖേദമുണ്ട്.' - പെയ്‌നെ പറഞ്ഞു.

2017 നവംബർ 23-ന് ബ്രിസ്‌ബെയ്‌നിലെ ആദ്യ ആഷസ് ടെസ്റ്റിന്റെ രാവിലെയും തലേന്നു വൈകുന്നേരവുമാണ് പെയ്‌നെ സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശങ്ങളയച്ചത്. 2018-ൽ ഓസ്‌ട്രേലിയൻ മനുഷ്യാവകാശ കമ്മീഷനടക്കം യുവതി പരാതി നൽകിയിരുന്നു.

Related Tags :
Similar Posts