< Back
Cricket
രണ്ട് ഓപ്പണര്‍മാരും പൂജ്യത്തിന് പുറത്ത്; നാണക്കേടിന്‍റെ റെക്കോര്‍ഡുമായി ഇംഗ്ലണ്ട്
Cricket

രണ്ട് ഓപ്പണര്‍മാരും പൂജ്യത്തിന് പുറത്ത്; നാണക്കേടിന്‍റെ റെക്കോര്‍ഡുമായി ഇംഗ്ലണ്ട്

Web Desk
|
16 Aug 2021 9:53 PM IST

ചരിത്രത്തില്‍ ആദ്യമായാണ് ഇംഗ്ലണ്ടിന്‍റെ രണ്ട് ഓപ്പണര്‍മാരും ഹോം ഗ്രൌണ്ടില്‍ പൂജ്യത്തിന് പുറത്താകുന്നത്

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ തോല്‍വിയിലേക്ക് നീങ്ങുന്ന ഇംഗ്ലണ്ടിന് നാണക്കേടിന്‍റെ റെക്കോര്‍ഡ്. പൂജ്യത്തിന് പുറത്തായ ഇംഗ്ലണ്ട് ഓപ്പണര്‍മാരാണ് ടീമിന് നാണക്കേടിന്‍റെ റെക്കോര്‍ഡ് സമ്മാനിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഇംഗ്ലണ്ടിന്‍റെ രണ്ട് ഓപ്പണര്‍മാരും ഹോം ഗ്രൌണ്ടില്‍ പൂജ്യത്തിന് പുറത്താകുന്നത്. ഓപ്പണര്‍മാരായ റോറി ജോസഫ് ബേൺസും ഡോണ്‍ സിബ്‍ലിയുമാണ് അക്കൌണ്ട് തുറക്കുന്നതിന് മുമ്പ് പവലിയനിലെത്തിയത്. രണ്ട് പേരും നാല് പന്തുകള്‍ വീതം നേരിട്ടാണ് ഡക്കിന് പുറത്താകുന്നത്. ബേണ്‍സിനെ ബുംറ സിറാജിന്‍റെ കൈകളിലെത്തിച്ചപ്പോള്‍ സിബ്‍ലിയെ ഷമി വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.

അതേസമയം ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് തോല്‍വിക്കരികെയാണ്. ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലാണ്. 23 ഓവര്‍ ബാക്കിനില്‍ക്കേ ഇംഗ്ലണ്ടിന് 182 റണ്‍സ് കൂടി വേണം വിജയത്തിലേക്ക്. ഏഴ് വിക്കറ്റ് നഷ്ടമായ നിലയില്‍ വിജയത്തിനായി ഇംഗ്ലണ്ട് ശ്രമിക്കില്ലെന്ന് ഉറപ്പാണ്. പരമാവധി ഓവറുകള്‍ പിടിച്ചുനിന്ന് കളി സമനിലയിലെത്തിക്കാനാകും ഇംഗ്ലീഷ് പടയുടെ ശ്രമം. ഇന്ത്യയാകട്ടെ മുന്‍നിരയെ പെട്ടെന്ന് വീഴ്ത്താന്‍ സാധിച്ച ആത്മവിശ്വാസത്തില്‍ വാലറ്റത്തെയും എറിഞ്ഞിട്ട് മത്സരം വിജയിക്കാനുള്ള ശ്രമത്തിലാണ്. എട്ട് റണ്‍സുമായി ജോസ് ബട്‍ലറും റണ്‍സൊന്നുമെടുക്കാതെ റോബിന്‍സണുമാണ് ക്രീസില്‍

Related Tags :
Similar Posts