< Back
Cricket
Will Kohli and Rohit play in Vijay Hazare Trophy? Aakash Chopra reacts
Cricket

കോഹ്‌ലിയും രോഹിതും വിജയ് ഹസാരെ ട്രോഫി കളിക്കുമോ; പ്രതികരണവുമായി ആകാശ് ചോപ്ര

Sports Desk
|
23 Aug 2025 11:09 PM IST

ഒക്ടോബറിൽ ആസ്‌ത്രേലിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര നടക്കുക

ന്യൂഡൽഹി: ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖമാണ് വിരാട് കോഹ്‌ലിയും രോഹിത് ശർമയും. ടെസ്റ്റ്-ടി20യിൽ നിന്നുള്ള ഇരുവരുടേയും വിരമിക്കൽ ഇന്നും ആരാധകർക്ക് ഉൾകൊള്ളാനായിട്ടില്ല. 2027ൽ വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഇരുവരും കളത്തിലുണ്ടാകുമോ. സമൂഹ മാധ്യമങ്ങളിൽ ഇങ്ങനെയൊരു ചർച്ചയാരംഭിച്ചിട്ട് കുറച്ച് കാലമായി. മാർച്ചിൽ ചാമ്പ്യൻസ് ട്രോഫിയിലാണ് ഇരുവരും അവസാനമായി പാഡണിഞ്ഞത്.

രോഹിതിനും കോഹ്ലിക്കും അടുത്ത ലോകകപ്പിൽ സ്ഥാനം ലഭിക്കണമെങ്കിൽ വിജയ് ഹസാരെ ട്രോഫിയിൽ ഇറങ്ങേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. 'രോഹിത് ശർമയും കോഹ്ലിയും വിജയ് ഹസാരെ ട്രോഫി കളിക്കേണ്ടതില്ല. അവർ ഈ ടൂർണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല തിരഞ്ഞെടുക്കപ്പെടുക, അതാണ് സത്യാവസ്ഥ'- ആകാശ് ചോപ്ര അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

ഏകദിന മത്സരങ്ങളിൽ മാത്രം ഇറങ്ങുന്ന വിരാടിന്റേയും രോഹിതിന്റെയും യാത്രയയപ്പ് മാച്ചിനെകുറിച്ചുള്ള ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. ഇതിനെകുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. ''അവർ എപ്പോഴാണ് വിരമിച്ചത്? ഇരുവരും ഏകദിന മത്സരങ്ങൾ കളിക്കും. അവർ കളിക്കുന്നുണ്ടെങ്കിൽ, വിടവാങ്ങൽ പരമ്പരയെക്കുറിച്ച് നിങ്ങൾ എന്തിനാണ് വിഷമിക്കുന്നത്? അതെ, അവർ രണ്ട് ഫോർമാറ്റുകളിൽ നിന്ന് ഘട്ടം ഘട്ടമായി വിരമിച്ചു. പക്ഷേ അവർ ഏകദിനങ്ങളിൽ കളിക്കുന്നുണ്ടല്ലോ. അതിനെക്കുറിച്ച് അമിതമായി ചിന്തിക്കേണ്ടതില്ല'' വരാനിരിക്കുന്ന ടി20 മത്സരങ്ങളെകുറിച്ചുള്ള പോഡ്കാസ്റ്റിൽ രാജീവ് ശുക്ല പറഞ്ഞു.

Similar Posts