< Back
Cricket
വിശാഖപട്ടണം ഏകദിനം; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 271 റൺസ് വിജയലക്ഷ്യം
Cricket

വിശാഖപട്ടണം ഏകദിനം; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 271 റൺസ് വിജയലക്ഷ്യം

Sports Desk
|
6 Dec 2025 5:48 PM IST

കുൽദീപ് യാദവിനും പ്രസിദ് കൃഷ്ണക്കും നാല് വിക്കറ്റ്


വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തിൽ ഇന്ത്യക്ക് 271 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിന് അയക്കുകയായിരുന്നു. സെഞ്ച്വറി നേടിയ(89 പന്തിൽ 106) ക്വിന്റൻ ഡി കോക്കിന്റെ കരുത്തിലാണ് സന്ദർശകർ ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. ഇന്ത്യക്കായി കുൽദീപ് യാദവും പ്രസിദ് കൃഷ്ണയും നാല് വിക്കറ്റ് വീഴ്ത്തി. 21 മത്സരങ്ങൾക്കിടെയാണ് ഏകദിനത്തിൽ ഇന്ത്യക്ക് ആദ്യമായി ടോസ് ലഭിക്കുന്നത്.

ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആദ്യ ഓവറിൽ തന്നെ ഓപ്പണർ റയാൻ റിക്കിൾട്ടനെ നഷ്ടമായി. അർഷ്ദീപ് സിങിന്റെ ഓവറിൽ വിക്കറ്റ് കീപ്പർ കെഎൽ രാഹുലിന് ക്യാച്ച് നൽകിയാണ് റിക്കിൽട്ടൻ മടങ്ങിയത്. തുടർന്ന് രണ്ടാം വിക്കറ്റിൽ ഡികോക്കും ക്യാപ്റ്റൻ ടെംബ ബാവുമയും ചേർന്ന് 113 റൺസ് കൂട്ടിചേർത്തു. എന്നാൽ രവീന്ദ്ര ജഡേജ ബാവുമയെ പുറത്താക്കി ഇന്ത്യക്ക് ബ്രേക്ക്ത്രൂ നൽകി. പിന്നീട് വന്ന ബ്രീറ്റ്‌സ്‌കെക്കോ, എയ്ഡൻ മാർക്രത്തിനോ തിളങ്ങാനായില്ല. ഇരുവരേയും പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയെ കളിയിലേക്ക് മടക്കികൊണ്ടുവന്നു. 29 പന്തിൽ 29 റൺസെടുത്ത ഡീവാൾഡ് ബ്രെവിസിനെയും 15 പന്തിൽ 17 റൺസെടുത്ത മാർകോ യാൻസനെയും 38ാം ഓവറിൽ തന്നെ കുൽദീപ് യാദവ് മടക്കി. പിന്നാലെ കോർബിൻ ബോഷിനെയും, എൽബിഡബ്ല്യൂവിൽ കുരുക്കി ലുങ്കി എൻഗിഡിയെയും കുൽദീപ് തന്നെ പുറത്താക്കി. ഒരുഘട്ടത്തിൽ ദക്ഷിണാഫ്രിക്ക 300 കടക്കുമെന്ന് തോന്നിച്ചിരുന്നെങ്കിലും പ്രിസിദ്ധിന്റേയും കുൽദീപ് യാദവിന്റേയും ബൗളിങാണ് 270ൽ ഒതുക്കിയത്. രവീന്ദ്ര ജഡേജയും അർഷ്ദീപ് സിങും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Similar Posts