< Back
Cricket
sports
Cricket

മങ്കാദിങ് അപ്പീൽ പിൻവലിച്ച ഋഷഭ് പന്തിന് അഭിനന്ദന പ്രവാഹം; എന്നാൽ അപ്പീലുണ്ടെങ്കിലും അത് ഔട്ടാകില്ലെന്ന് നിയമ പുസ്തകം

Sports Desk
|
28 May 2025 11:48 PM IST

ന്യൂഡൽഹി: നോൺസ്ട്രൈക്കിൽ നിൽക്കുന്ന ബാറ്ററെ ഔട്ടാക്കുന്ന ‘മങ്കാദിങ്’ ക്രിക്കറ്റിൽ എല്ലാ കാലത്തും ചർച്ചാവിഷയമാണ്. കളത്തിൽ എപ്പോഴൊക്കെ പ്രയോഗിച്ചോ അപ്പോഴെല്ലാം അത് കോളിളക്കമുണ്ടാക്കിയിട്ടുണ്ട്. പലരും ഈ നിയമം ക്രിക്കറ്റിന്റെ ധാർമിക പുസ്തകങ്ങൾക്ക് എതിരാണെന്ന് പറയുമ്പോൾ മറ്റുചിലർ നിയമപുസ്തകപ്രകാരം തെറ്റില്ലെന്ന് വാദിക്കുന്നു.

ഇന്നലെ ലഖ്നൗ സൂപ്പർ ജയന്റ്സ്-റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരവും മങ്കാദിങ്ങിന് സാക്ഷിയായി. ആദ്യം ബാറ്റുചെയ്ത ലഖ്നൗ ഉയർത്തിയ 230 റൺസ് ബെംഗളൂരു പിന്തുടരവേ 17ാം ഓവറിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മികച്ച ഫോമിൽ ബാറ്റേന്തുന്ന ബെംഗളൂരു ക്യാപ്റ്റൻ ജിതേഷ് ശർമ നോൺ സ്ട്രൈക്ക് എൻഡിൽ നിൽക്കേ ലഖ്നൗ ബൗളർ ദിഗ്വേഷ് രാതി മങ്കാദിങ്ങിലൂടെ പുറത്താക്കി. മങ്കാദിങ് ചെയ്യുമ്പോൾ ജിതേഷ് ക്രീസിലില്ലെന്ന് ടിവി ക്യാമറകൾ വ്യക്തമാക്കി.

എന്നാൽ രാതിയുടെ ഔട്ടിനായുള്ള അപ്പീൽ ലഖ്‌നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് പിൻവലിച്ചു . ടിവി കമന്റേറ്റർമാരും ഗ്യാലറിയും പന്തിനെ പ്രശംസിക്കുകയും ചെയ്തു. ജിതേഷ് പന്തിനെ കെട്ടിപ്പിടിച്ചാണ് നന്ദിയറിച്ചത്. ഇതോ​ടെ പന്ത് അപ്പീൽ പിൻവലിച്ചത് കൊണ്ടാണ് ജിതേഷ് നോട്ടൗട്ടായത് എന്ന പ്രചാരണവുമുണ്ടായി. സമൂഹമാധ്യമങ്ങളിൽ പലരും പന്തിന്റെ സ്​പോർട്സ്മാൻ സ്പിരിറ്റിനെ പ്രശംസിക്കുകയും ചെയ്തു.

എന്നാൽ പന്ത് അപ്പീൽ ചെയ്താലും ഐസിസിയുടെ പുതിയ നിയമാവലി അനുസരിച്ച് ജിതേഷ് ഔട്ടാകുമായിരുന്നില്ല. ഇതുപ്രകാരം ബൗളിങ് ആക്ഷൻ പൂർത്തിയായതിന് ശേഷമോ പന്തെറിയാനെത്തിയ ബൗളർ ക്രീസ് കടന്നാലോ ‘മങ്കാദിങ്ങ്’ ഔട്ടാകില്ല. ജിതേഷ് ഈ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല.

അതിനിടയിൽ പന്തിനെ വിമർശിച്ച് മുമ്പ് പലതവണ മങ്കാദിങ് നടത്തിയിട്ടുള്ള രവിചന്ദ്രൻ അശ്വിൻ രംഗത്തെത്തി. പന്ത് ചെയ്തത് ദിഗ്വേഷ് രാതിയോടുള്ള അനാദരവാണെന്നാണ് അശ്വിന്റെ പക്ഷം. 33 പന്തുകളിൽ 85 റൺസെടുത്ത ജിതേഷിന്റെ മികവിൽ മത്സരം ആർസിബി ആറ് വിക്കറ്റിന് വിജയിച്ചിരുന്നു.

Similar Posts