< Back
Cricket
രോഹിത് ഇനി മുംബൈക്കൊപ്പമുണ്ടാവുമോ?; മറുപടിയുമായി പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍
Cricket

രോഹിത് ഇനി മുംബൈക്കൊപ്പമുണ്ടാവുമോ?; മറുപടിയുമായി പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍

Web Desk
|
18 May 2024 6:21 PM IST

ലഖ്നൗവിനെതിരായ മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞ വാക്കുകള്‍ എന്തായാലും ആരാധകര്‍ക്ക് ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17-ാം സീസണില്‍ പോയിന്‍റ് ടേബിളിന്‍റെ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സിന് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. സീസണിലെ 14 മത്സരങ്ങളില്‍ പത്ത് എണ്ണത്തിലും ടീം തോല്‍വി വഴങ്ങി. മുംബൈ ഇന്ത്യന്‍സിനൊപ്പം മുന്‍ നായകന്‍ രോഹിത് ശര്‍മ ഉണ്ടാവുമോയെന്നാണ് ആരാധകര്‍ ഇനി ഉറ്റുനോക്കുന്നത്.

ഇന്നലെ ലഖ്നൗവിനെതിരായ മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞ വാക്കുകള്‍ എന്തായാലും ആരാധകര്‍ക്ക് ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല.

രോഹിത്തിന്‍റെ ഭാവി തീരുമാനിക്കുന്നത് അദ്ദേഹം തന്നെയാണെന്നാണ് ബൗച്ചര്‍ പറയുന്നത്. "എന്നെ സംബന്ധിച്ചിടത്തോളം, രോഹിത് ശര്‍മയുടെ ഭാവി തീരുമാനിക്കുന്നത് അദ്ദേഹം തന്നെയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്നത് മെഗാ താരലേലമാണ്. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കറിയാം"- ബൗച്ചര്‍ പറഞ്ഞു.

ഐപിഎല്‍ 17-ാം സീസണില്‍ രോഹിത് ശര്‍മയുടെ പ്രകടനത്തെക്കുറിച്ചും ബൗച്ചര്‍ സംസാരിച്ചു. ''സീസണില്‍ താരത്തിന്‍റെ പ്രകടനത്തെ രണ്ടായി ഭാഗിക്കാം. മികച്ച തുടക്കമായിരുന്നു ലഭിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ അദ്ദേഹം സെഞ്ചുറി നേടി. സത്യസന്ധമായി പറഞ്ഞാല്‍ തുടര്‍ന്നും ഇത്തരം പ്രകടനങ്ങളായിരുന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആ മികവ് പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇത് ടി20 ക്രിക്കറ്റിന്‍റെ സ്വഭാവമാണ്. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. നിർഭാഗ്യവശാൽ വലിയ സ്‌കോറുകള്‍ നേടാന്‍ കഴിഞ്ഞില്ല''- മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞു.

ഇന്നലെ ലഖ്നൗവിനെതിരെ 38 പന്തില്‍ 68 റണ്‍സടിച്ചതോടെ രോഹിത് സീസണില്‍ മുംബൈയുടെ ടോപ് സ്കോററായിരുന്നു. രോഹിത് ശർമ്മ ഇന്നലെ ലഖ്നൗവിനെതിരെ കളിച്ചത് മുംബൈ കുപ്പായത്തിലെ അവസാന ഐപിഎല്‍ മത്സരമാണോ എന്ന ചോദ്യം ഉയരുന്നതിനിടെയാണ് ബൗച്ചറുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

Similar Posts