< Back
Cricket
Victory celebration by removing helmet; Will Sanju face ICC ban?
Cricket

ഹെൽമറ്റ് ഊരിയെറിഞ്ഞുള്ള വിജയാഘോഷം; ഐസിസി വിലക്ക് നേരിടേണ്ടി വരുമോ സഞ്ജു?

Sports Desk
|
3 March 2026 6:05 PM IST

വ്യാഴാഴ്ച വാംഖഡെയിലാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടം

കൊൽക്കത്ത: വെസ്റ്റിൻഡീസിനെതിരായ സൂപ്പർ എട്ട് മത്സരത്തിൽ ഇന്ത്യയുടെ വിജയമുറപ്പിച്ചുള്ള ബൗണ്ടറി നേടിയതിന് പിന്നാലെ സഞ്ജു സാംസൺ നടത്തിയ സെലിബ്രേഷൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പരിശോധനയിലാണെന്ന് റിപ്പോർട്ട്. വിജയത്തിന് പിന്നാലെ സഞ്ജു ഹെൽമറ്റ് ഊരിമാറ്റി നടത്തിയ ആഘോഷപ്രകടനമാണ് ഐസിസി അച്ചടക്ക സമിതിയുടെ പരിധിയിലെത്തിയത്. എന്നാൽ ഇംഗ്ലണ്ടിനെതിരായ വ്യാഴാഴ്ച വാംഖഡെസ്റ്റേഡിയത്തിൽ നടക്കുന്ന സെമി ഫൈനലിൽ താരത്തിന് വിലക്ക് ലഭിക്കാനിടയില്ലെന്നാണ് സൂചന. സെമിയിലേക്ക് ഇന്ത്യയെ എത്തിച്ച ശേഷം മലയാളി താരം ഹെൽമറ്റ് ഊരി നിലത്തേക്കെറിഞ്ഞിരുന്നു. ഇതിന് ശേഷം മുട്ടുകുത്തി നിന്ന് ദൈവത്തിന് നന്ദി പറയുകയും ചെയ്തു.

അതേസമയം, ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം ബാറ്റ്, ഹെൽമറ്റ് ഉൾപ്പെടെയുള്ള കായിക ഉപകരണങ്ങളോട് അനാദരവ് കാണിക്കുന്നതും എതിർ കളിക്കാർക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ വലിച്ചെറിയുന്നതും ശിക്ഷ ലഭിക്കാൻ കാരണമാകുന്ന നടപടികളാണ്. ഇത്തരത്തിൽ ദേഷ്യത്തോടെയോ അമിതാവേശത്തിലോ ഹെൽമറ്റ് ഊരിയെറിയുന്നത് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ വൺ കുറ്റമായാണ് കണക്കാക്കുന്നത്. നേരത്തെ ലോകകപ്പിൽ സ്‌കോട്ലൻഡ് താരം ജോർജ്ജ് മുൻസി സമാനമായ രീതിയിൽ ഹെൽമറ്റ് എറിഞ്ഞതിന് ഡീമെറിറ്റ് പോയിൻറ് ലഭിച്ചിരുന്നു.

ഐപിഎല്ലിനിടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ വിജയറൺനേടിയ ശേഷം ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് താരം ആവേശ്ഖാൻ ഹെൽമറ്റ് ഊരിയെറിഞ്ഞ് ആഘോഷിച്ചതും നടപടിക്ക് കാരണമാക്കിയിരുന്നു. എന്നാൽ വിലക്കടക്കമുള്ള കടുത്ത നടപടിയിലേക്ക് പോകാനുള്ള സാധ്യതയില്ല. സാധാരണഗതിയിൽ മാച്ച് ഫീയുടെ 50 ശതമാനം പിഴയായി ലഭിക്കാനോ ഡിമെറിറ്റ് പോയന്റ് ലഭിക്കാനോ ആണ് സാധ്യത. ഡിമെറിറ്റ് പോയന്റ് ലഭിച്ച താരം വീണ്ടും കുറ്റം ആവർത്തിച്ചാൽ മാത്രമാകും കടുത്ത നടപടിയിലേക്ക് ഐസിസി പ്രവേശിക്കുക. എന്നാൽ ഈഡൻ ഗാർഡനിൽ സഞ്ജു നടത്തിയ വിജയാഘോഷം എതിർ താരങ്ങളെ പരിക്കേൽപ്പിക്കുന്ന വിധത്തിലോ പരിതിവിട്ടുള്ള ആഘോഷമോ ആയി കണക്കാക്കാനാവില്ല. ഇതിനാൽ മാച്ച് റഫറി കടുത്ത നടപടിയിലേക്ക് കടക്കാനുള്ള സാധ്യത കുറവാണ്.

Similar Posts