< Back
Cricket
ഭുവനേശ്വർ കുമാറിന് എന്ത് പറ്റി? തല്ല് വാങ്ങാൻ മടിയില്ലാതായി...!
Cricket

ഭുവനേശ്വർ കുമാറിന് എന്ത് പറ്റി? തല്ല് വാങ്ങാൻ മടിയില്ലാതായി...!

Web Desk
|
21 Sept 2022 7:36 PM IST

ഡെത്ത് ഓവറുകളിൽ ദയയൊന്നുമില്ലാതെ റൺസ് വിട്ടുകൊടുക്കുകയാണ് ഭുവനേശ്വർ

മൊഹാലി: ഇന്ത്യയുടെ വിശ്വസ്ത ബൗളറെന്ന പേര് കേട്ട ഭുവനേശ്വർ കുമാർ ഇപ്പോൾ തപ്പിത്തടയുന്നു. ഡെത്ത് ഓവറുകളിൽ 'ദയയൊന്നുമില്ലാതെ' റൺസ് വിട്ടുകൊടുക്കുകയാണ് ഭുവനേശ്വർ. ഏഷ്യാകപ്പിലും ഇപ്പോഴിതാ ആസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിലും ഭുവനേശ്വർ തല്ല് നല്ലവണ്ണം വാങ്ങുന്നു. 19ാം ഓവർ ഭുവിയാണ് എറിയുന്നതെങ്കിൽ കളി എതിർ ടീമിന് സ്വന്തമാക്കാം എന്നുവരെ സോഷ്യൽ മീഡിയ കണക്കുസഹിതം വ്യക്തമാക്കുന്നു.

അതുവരെ ഇന്ത്യക്ക് അനുകൂലമായ കളിയാവും ഭുവിയുടെ 19ാം ഓവറിലൂടെ എതിർടീമിന്റെ അടുത്ത് എത്തുക. ആസ്‌ട്രേലിയ നാല് വിക്കറ്റിന് ജയിച്ച മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഭുവനേശ്വർ വിട്ടുകൊടുത്തത് 52 റൺസ്!. അനുവദിച്ച ക്വാട്ട മുഴുവനും എറിഞ്ഞുതീർത്തെങ്കിലും വിക്കറ്റൊന്നും ലഭിച്ചതുമില്ല. പുറമെ നാല് വൈഡും എറിഞ്ഞു. ഒരു ചാമ്പ്യന് ഒരിക്കൽപോലും യോജിക്കാത്ത ബൗളിങ്. 13 റൺസിലേറെയാണ് താരം ഒരു ഓവറിൽ വിട്ടുകൊടുക്കുന്നത്. ബുംറയും ഭുവിയും അടങ്ങുന്ന പേസ് നിര എതിർ ടീമിനെ പേടിപ്പെടുത്തിയ കാലത്തിനാണ് ഇപ്പോൾ കോട്ടം സംഭവിച്ചിരിക്കുന്നത്.

പവർപ്ലേയിൽ കുറഞ്ഞ ഇക്കോണിമിയാണെങ്കിലും ഡെത്ത് ഓവറുകളിലെത്തുമ്പോൾ സമ്പൂർണ പരാജയം. ഏഷ്യാകപ്പിൽ പാകിസ്താനെതിരെ 19ാം ഓവർ എറിഞ്ഞ താരം വിട്ടുകൊടുത്തത് 19 റൺസ്, ശ്രീലങ്കയ്‌ക്കെതിരെയും ദുരന്തം ആവർത്തിച്ചു. വിട്ടുകൊടുത്തത് 14 റൺസ്. ഈ രണ്ട് മത്സരങ്ങളും ഇന്ത്യ കൈവിട്ടു. ഭുവിയുടെ ഈ മോശം ഫോമിൽ ഇന്ത്യൻ ആരാധകരെല്ലാം അസ്വസ്ഥരാണ്. ട്രോളുകളിലൂടെയും മറ്റും അവർ, തങ്ങളുടെ അതൃപ്തി പ്രകടമാക്കുന്നുണ്ട്. ആസ്‌ട്രേലിയക്കെതിരായ രണ്ടാം മത്സരത്തിൽ താരം പഴയ ഭുവിയാകുമെന്ന അഭിപ്രായം ചിലർ പങ്കുവെക്കുന്നു.

ആസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഡെത്ത് ഓവറുകളില്‍ ഇന്ത്യയില്‍ നിന്ന് ജയം അടിച്ചെടുത്തത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വേഡ് ആയിരുന്നു. പുറത്താവാതെ 45 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. 21 ബോളുകള്‍ നേരിട്ട വേഡ് ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. പക്ഷെ വേഡിന്റെ ബാറ്റിങ് മികവിനേക്കാളും ബൗളര്‍മാരുടെ മോശം പ്രകടനമാണ് ഇതിനു പിന്നിലെന്നു സല്‍മാന്‍ ബട്ട് ചൂണ്ടിക്കാട്ടി.

Related Tags :
Similar Posts