< Back
Cricket
സജന സൂപ്പറല്ലേ, അവൾ മുംബൈ വനിതാ ടീമിന്റെ പൊള്ളാർഡെന്ന് സഹതാരം
Cricket

സജന സൂപ്പറല്ലേ, അവൾ മുംബൈ വനിതാ ടീമിന്റെ പൊള്ളാർഡെന്ന് സഹതാരം

Web Desk
|
24 Feb 2024 4:49 PM IST

സജന കാരണമാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നതെന്നാണ് കളിയിലെ താരത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങവെ മുംബൈ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പ്രതികരിച്ചത്.

ബെംഗളൂരു: വനിതാ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ അവസാന പന്തിലെ സിക്‌സറിലൂടെ ശ്രദ്ധേയയായിരിക്കുകയാണ് മലയാളി താരം സജന സജീവൻ. ഡൽഹിക്കെതിരെ ജയിക്കാൻ അഞ്ച് റൺസ് വേണ്ടിയിരുന്നപ്പോഴാണ് അവിശ്വസിനീയ ബാറ്റിങിലൂടെ 29 കാരി മുംബൈയുടെ വിജയമുറപ്പിച്ചത്. ഡൽഹി ക്യാപിറ്റൽസ് ബൗളർ അലീസ് ക്യാപ്‌സിയുടെ പന്ത് ഗ്യാലറിയിലെത്തിക്കുമ്പോൾ സഹ താരങ്ങൾക്കിടയിൽ വയനാട്ടുകാരി സജനക്കൊരു പേരും വീണു കഴിഞ്ഞു. മുംബൈ ഇന്ത്യൻസ് വുമൺസ് ടീമിന്റെ കീറോൺ പൊള്ളാർഡ് ആണെന്ന വിശേഷണവുമായി എത്തിയിരിക്കുകയാണ് സഹതാരം യാസ്തിക ഭാട്ടിയ. ഈ ഓൾറൗണ്ടറിൽ നിന്ന് ഇനിയും മികച്ച പ്രകടനം കാത്തിരിക്കുകയാണെന്നും മുംബൈയുടെ ഓപ്പണിങ് ബാറ്റർ പറയുന്നു. സജന കാരണമാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നതെന്നാണ് ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി കളിയിലെ താരത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങവെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പറഞ്ഞത്.

ചിന്നസ്വാമിയിലെ മൈതാനത്തിന്റെ ഏറ്റവും ദൂരമേറിയ ഭാഗത്തേക്കായിരുന്നു സജന സിക്‌സർ പായിച്ചതെന്നതും ശ്രദ്ധേയമായി. മാസ്മരിക പ്രകടനത്തോടെ മുംബൈയുടെ ഫിനിഷറുടെ റോളും താരം ഉറപ്പിച്ചുകഴിഞ്ഞു. അവസാന പന്ത് നേരിടാൻ ക്രീസിലെത്തിയപ്പോൾ ടീമിനെ വിജയത്തിലെത്തിക്കുകയെന്ന ചിന്തമാത്രമായിരുന്നു തനിക്ക് മുന്നിലുണ്ടായിരുന്നതെന്ന് മത്സരശേഷം മലയാളി താരം പ്രതികരിച്ചു.

ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് ശേഷിക്കെയാണ് മുംബൈ മറികടന്നത്. അർധ സെഞ്ചുറി നേടിയ യസ്തിക ഭാട്ടിയ (57), ഹർമൻപ്രീത് (55) എന്നിവരുടെ ഇന്നിങ്‌സാണ് നിലവിലെ ചാമ്പ്യന്മാരെ വിജയത്തിലേക്ക് അടുപ്പിച്ചത്. അമേലിയ കേർ (24), നാറ്റ് സീവർ ബ്രന്റ് (19) എന്നിവരും തങ്ങളുടെ റോൾ ഭംഗിയാക്കി. അർധസെഞ്ചുറി നേടിയ മധ്യനിര താരം ആലീസ് ക്യാപ്സിയുടെ തകർപ്പൻ ബാറ്റിങ്ങാണ് ഡൽഹിക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 53 പന്തുകളിൽ നിന്ന് എട്ടു ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 75 റൺസാണ് ക്യാപ്സി അടിച്ചെടുത്തത്.

Similar Posts