< Back
Cricket
sajanasajeevan
Cricket

'സദസിൽ ആരെങ്കിലും മലയാളികളുണ്ടോ'; മുംബൈ ഇന്ത്യൻസ് ആരാധകർക്കൊപ്പം കലാഭവൻ മണി പാട്ടുമായി സജന

Web Desk
|
1 March 2024 11:37 AM IST

മുംബൈ ഇന്ത്യൻസ് ആരാധകർക്കായി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് മലയാളം പാട്ട് ആലപിച്ചത്

മുംബൈ: വനിതാ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിലെ അവസാന പന്തിൽ സിക്‌സറടിച്ച് മുംബൈയെ വിജയത്തിലെത്തിച്ച താരമാണ് വയനാട്ടുകാരി സജന സജീവൻ. ഇപ്പോഴിതാ മുംബൈയിൽ ആരാധകർക്കൊപ്പം പാട്ടുപാടിയും ശ്രദ്ധേയയാരിക്കുകയാണ് ഈ 26 കാരി. കലാഭവൻ മണിയുടെ 'ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ...' എന്ന് തുടങ്ങുന്ന പാട്ടാണ് സജന ആലപിച്ചത്. കാണികളിൽ ഒരാൾക്കൊപ്പമാണ് വേദിയെ ഇളക്കിമറിച്ചത്. വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഉദ്ഘാടന മത്സരത്തിൽ ഡൽഹിക്കെതിരെയാണ് അവസാന പന്തിൽ സിക്‌സറടിച്ച് ഈ ഓൾറൗണ്ടർ ടീമിനെ വിജയത്തിലെത്തിച്ചത്. ഇതോടെ ടീമിന്റെ ഫിനിഷറുടെ റോളും മലയാളിതാരം ഉറപ്പിച്ചു.

View this post on Instagram

A post shared by Mumbai Indians (@mumbaiindians)

മുംബൈ ഇന്ത്യൻസ് ആരാധകർക്കായി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് മലയാളം പാട്ടെത്തിയത്. മൈക്ക് കയ്യിലെടുത്ത സജന സദസിൽ ആരെങ്കിലും മലയാളികളുണ്ടോയെന്ന് അന്വേഷിക്കുകയായിരുന്നു. ആരാധകരിൽ ഒരാൾ എഴുന്നേറ്റു നിന്നു. അവരെ വേദിയിലേക്ക് ക്ഷണിക്കുകയും പാട്ട് പാടാൻ ഒപ്പം നിർത്തുകയുമായിരുന്നു. പിന്നീട് കണ്ടത് സദനിനെ ഇളക്കിമറിക്കുന്ന കലാഭവൻമണിയുടെ പാട്ട്. മുംബൈ ടീമിലെ വിദേശതാരങ്ങളടക്കമുള്ളവർ പാട്ടിന് താളം പിടിക്കുകയും ചെയ്തു.

നേരത്തെ, ഡൽഹിക്കെതിരായ മിന്നും പ്രകടനത്തെ തുടർന്ന് മുബൈ വനിതാ ടീമിന്റെ പൊള്ളാർഡെന്നാണ് സഹതാരങ്ങൾ വിശേഷിപ്പിച്ചത്. നേരത്തെ ബാറ്റുകൊണ്ട് ഹീറോയായ മലയാളി താരമിപ്പോൾ പാട്ടുപാടിയും മുംബൈ ആരാധകരുടെ കൈയടി നേടിയിരിക്കുകയാണ്.

Similar Posts