
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ആർസിബി താരം യാഷ് ദയാലിനെതിരെ പരാതി
|യുപി സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്.
ലഖ്‌നൗ: ഐപിഎൽ ടീം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം യാഷ് ദയാലിനെതിരെ പീഡന പരാതിയുമായി യുവതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി ആരോപിച്ച് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നുള്ള യുവതിയാണ് രംഗത്തെത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓൺലൈൻ പരാതി പരിഹാര പോർട്ടലിലൂടെയാണ് പരാതി നൽകിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും വാർത്തയുണ്ട്.
ഇന്ത്യൻ പേസറുമായി അഞ്ചുവർഷമായി സൗഹൃദത്തിലായിരുന്നതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെ പലപ്പോഴായി യാഷ് ശാരീരികമായി ചൂഷണം ചെയ്തു. ഈ സമയത്ത് അദ്ദേഹം വിവാഹവാഗ്ദാനം നൽകിയെന്നും പരാതിയിൽ പറയുന്നു. പ്രണയ കാലത്ത് മറ്റ് സ്ത്രീകളുമായി 27കാരന് ബന്ധമുണ്ടായിരുന്നു എന്നും യുവതി പരാതിയിൽ പറയുന്നു. ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ തനിക്കെതിരെ അക്രമം അഴിച്ചു വിട്ടെന്നും യുവതി ആരോപിച്ചു. ജൂൺ 14ന് വനിതാ ഹെൽപ്പ് ലൈൻ നമ്പറിൽ പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നും ഡിജിറ്റൽ തെളിവുകളടക്കം കൈവശമുണ്ടെന്നും യുവതി വ്യക്തമാക്കി.
ആദ്യ ഐപിഎൽ കിരീടം ചൂടിയ ആർസിബി ടീമിലെ പ്രധാനിയാണ് യാഷ് യയാൽ. 15 മത്സരങ്ങളിൽ നിന്നായി 13 വിക്കറ്റുകളാണ് താരത്തിന്റെ നേട്ടം. ആഭ്യന്തര ക്രിക്കറ്റിൽ യുപിക്കായി കളത്തിലിറങ്ങുന്ന ദയാൽ ഇതുവരെ ഇന്ത്യക്കായി അരങ്ങേറിയിട്ടില്ല.