< Back
Cricket
Unable to continue in Mumbai; Jaiswal ready for a crucial change in domestic cricket
Cricket

മുംബൈയിൽ തുടരാനാവില്ല; ആഭ്യന്തര ക്രിക്കറ്റിൽ നിർണായക മാറ്റത്തിനൊരുങ്ങി ജയ്‌സ്വാൾ

Sports Desk
|
2 April 2025 6:35 PM IST

രഞ്ജി ട്രോഫിയിലടക്കം മികച്ച റെക്കോർഡാണ് ഇന്ത്യൻ ഓപ്പണർക്കുള്ളത്

മുംബൈ: ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്കായി കളത്തിലിറങ്ങിയിരുന്ന യശസ്വി ജയ്‌സ്വാൾ ടീം മാറാനൊരുങ്ങുന്നതായി റിപ്പോർട്ട്. മുംബൈക്ക് പകരം രഞ്ജി ട്രോഫിയിലടക്കം ഗോവയിൽ കളിക്കാനാണ് യുവതാരം തയാറെടുക്കുന്നത്. ഇതുസംബന്ധിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽ നിന്നുള്ള എൻഒസി ലഭിക്കാൻ ജയ്‌സ്വാൾ അപേക്ഷ നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗോവ ക്രിക്കറ്റ് അസോസിയേഷൻ ഇന്ത്യൻ ഓപ്പണർക്ക് ക്യാപ്റ്റൻ സ്ഥാനമടക്കം വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്. ഒട്ടേറെ സീനിയർ താരങ്ങളുള്ള മുംബൈ ടീമിൽ ജയ്‌സ്വാളിന് പലപ്പോഴും പ്രതീക്ഷിച്ച പരിഗണന ലഭിച്ചിരുന്നില്ല. നിലവിൽ റെഡ്‌ബോൾ ക്രിക്കറ്റിൽ അജിൻക്യ രഹാനെയും വൈറ്റ്‌ബോളിൽ ശ്രേയസ് അയ്യരുമാണ് മുംബൈയെ നയിക്കുന്നത്.

വ്യക്തിപരമായും കരിയർ സംബന്ധവുമയാണ് ഇത്തരമൊരു നിർണായക തീരുമാനമെടുത്തതെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന് നൽകിയ കത്തിൽ 23 കാരൻ പറഞ്ഞു. 2019ൽ വാംഖഡയിലാണ് താരം ഫസ്റ്റ്ക്ലാസ് അരങ്ങേറ്റ മത്സരം കളിച്ചത്. 36 മത്സരങ്ങളിൽ നിന്നായി 12 വീതം സെഞ്ച്വറിയും അർധ സെഞ്ച്വറിയും സഹിതം 3712 റൺസാണ് സമ്പാദ്യം. 2024-25 സീസണിൽ ജമ്മു-കശ്മീരിനെതിരെയാണ് അവസാനമായി കളത്തിലിറങ്ങിയത്. മുൻ സീസണിൽ അർജുൻ ടെണ്ടുൽക്കറും മുംബൈ വിട്ട് ഗോവയിലേക്ക് ചേക്കേറിയിരുന്നു.

Similar Posts