
സാൾട്ട് ലൈക്കിൽ ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തി ബംഗാൾ
|- ഈസ്റ്റ് ബംഗാളിനായി വലകുലുക്കി മലയാളി താരം പി. വിഷ്ണു
കൊല്‍ക്കത്ത: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ തകർത്ത് ഈസ്റ്റ് ബംഗാൾ എഫ്.സി. സ്വന്തം തട്ടകമായ സാൾട്ട് ലൈക്കിൽ അരങ്ങേറിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബംഗാളിന്റെ വിജയം. മലയാളി താരം പി.വിഷ്ണുവും ഹിജാസി മഹറുമാണ് ഈസ്റ്റ് ബംഗാളിനായി വലകുലുക്കിയത്. പകരക്കാരനായെത്തിയ ഡാനിഷ് ഫാറൂഖാണ് ബ്ലാസ്റ്റേഴ്‌സിന്റെ സ്‌കോറർ.
മത്സരത്തിന്റെ 20ാം മിനിറ്റിൽ കോറോ സിങ്ങിന് സംഭവിച്ചൊരു പിഴവാണ് ബംഗാളിന്റെ ആദ്യ ഗോളിലേക്ക് വഴിതുറന്നത്. വലതുവിങ്ങിലൂടെ പന്തുമായി കുതിച്ച വിഷ്ണു സച്ചിനെ മറികടന്ന് പോസ്റ്റിലേക്ക് നിറയൊഴിക്കുന്നു. പോസ്റ്റിന് മുന്നിലുണ്ടായിരുന്ന കോറോക്ക് പന്തിനെ അനായാസം ക്ലിയർ ചെയ്യാനാവുമായിരുന്നെങ്കിലും താരത്തിന് പിഴച്ചു. പന്ത് വലയിലേക്ക്. ഗോൾവീണയുടൻ ബ്ലാസ്‌റ്റേഴ്‌സ് ഉണർന്നു കളിച്ചു. എന്നാൽ ബംഗാളിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റങ്ങളൊന്നും ലക്ഷ്യം കണ്ടില്ല.
72ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കാണ് ബംഗാളിന്റെ രണ്ടാം ഗോളിന് വഴിതുറന്നത്. നവോറമെടുത്ത കോർണറിനെ ഹിജാസി മനോഹരമായൊരു ഹെഡ്ഡറിലൂടെ വലയിലാക്കി. 80ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ ഗോൾമുഖത്തുണ്ടായ കൂട്ടപ്പൊരിച്ചിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളിന് വഴിതുറന്നത്. ഹിജാസി ഹെഡ്ഡറിലൂടെ ക്ലിയർ ചെയ്ത പന്ത് റീബൗണ്ട് ചെയ്‌തെത്തുന്നു. ബംഗാൾ ഡിഫന്റർമാർ പന്ത് കാൽക്കലാക്കാനുള്ള ശ്രമം നടത്തുന്നതിനിടെ ഡാനിഷ് ഒരു വലങ്കാലനടിയിലൂടെ പന്തിനെ വലയിലാക്കി.
അവസാന മിനിറ്റുകളിൽ ഗോൾ മടക്കാൻ ബ്ലാസ്‌റ്റേഴ്‌സ് കൊണ്ടു പിടിച്ച ശ്രമങ്ങൾ നടത്തിയെങ്കിലും ബംഗാൾ പ്രതിരോധം പാറ പോലെ ഉറച്ച് നിന്നു. മൂന്ന് തുടർ തോൽവികൾക്ക് ശേഷമുള്ള വിജയം ബംഗാളിന് ആശ്വാസമായി. മത്സരത്തിലൂടനീളം നിറഞ്ഞു കളിച്ച മലയാളി താരം പി.വിഷ്ണുവാണ് കളിയിലെ താരം